Tuesday 8 November 2022


ഗ്രഹണം

അഷ്‌റഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
സമയനേത്രം ഇനിയും കറങ്ങുന്നില്ല
ശബ്ദങ്ങളുടെ ചിട്ടയില്ലായ്മയിൽ
ചെവി ഏങ്കോണിച്ച് പോകുന്നു
ഇത്തിരി വക്രിച്ച്എന്നാൽ
മുഴുപ്പ് കൂടിയും കുറഞ്ഞും
കാഴ്ചയുടെ
ദൂരങ്ങളുടെ
പകലുകൾ ഇരുളുകയാണ്
കണ്ണുകളിൽ ഇക്ലിപ്സ്
പല്ലിന്റെ പാരുഷ്യം കഠിനമാണ്
അതിനിടയിൽ
കാറ്റിന്റെ സംഗീതത്തെ
സൂര്യന്റെ വെളിച്ചത്തെ
ആരോ മോഷ്ടിച്ചു കൊണ്ടുപോയി!
ഇരുട്ടിൽ തപ്പുവാനാണ് അതിന്റെ യോഗം എന്നും
പറഞ്ഞു മടക്കിക്കുത്തി തിരിഞ്ഞു നടക്കാം..
കാലം ശീലിപ്പിക്കുന്നതാണ് ഇതൊക്കെ..
കരകളിൽ വിഷനായ്ക്കൾ അലയുകയാണ്..
മൂര്ച്ചയുള്ള പല്ലുകൾ മരങ്ങളിലേക്ക്
അരം പോലെ അടുക്കുകയാണ്..
പാഞ്ഞടുക്കുന്ന അരൂപികളുടെ ഛേദതലരൂപം!
വെറുപ്പിന്റെ രക്ഷസുകളാണ്
എവിടെയും
തീർക്കുവാൻ വേണ്ടിതന്നെയാണ്
അടുത്തുകൊണ്ടിരിക്കുന്നതും..
അതിന്റെ സങ്കീർണ്ണതയിൽ ചുറ്റുവട്ടം
ഇനി വാസ്തുവിദ്യയുടെ സൗന്ദര്യം
തീരുവാൻ പോകുകയാണ്..
നിലനിർത്താൻ ആഗ്രഹിക്കുന്നത് വെറുതെ,
അതില്പരം വിഡ്ഢിത്തം വേറെന്ത്?
നിർമ്മലമായ സംഗീതത്തിന്റെ
നിശ്ചലതയ്ക്ക് കൗണ്ട്ഡൗൺ...
ജീവിത സംബന്ധിയായ
എല്ലാആവർത്തനങ്ങളുടെയും വിരാമം!
പുഴയും പുലരിയും ഇരുട്ടിലേക്ക്
മധ്യാഹ്‌നം സായാഹ്‌നം,
രാത്രി, കാറ്റ്, മഴ, ഇരുട്ട്, വെളിച്ചം
അതിന്റെ പ്രാർത്ഥനയിൽ നിലച്ചു പോയ,
താളുകളുടെ ഫുള്സ്റ്റോപ്
താളരഹിതമറിച്ചിലിൽ
അതിനെ തുടർന്ന് എഴുന്നു നില്ക്കുന്ന
മറ്റൊരു മാസ്മരിക ജന്മത്തിലേക്ക്
പ്രകാശത്തിലേക്കുള്ള വാതിലുകളെല്ലാം
അടഞ്ഞുതീരുമ്പോൾ
ജീവിതത്തിന്റെ മറ്റൊരു വാതിൽ
തുറക്കാൻ പോകുന്നു..
നാട്യമില്ലാത്ത വരവേൽപ്പിലേക്കുള്ള
പ്രവേശന കവാടത്തിൽ
പുഞ്ചിരിപ്പൂക്കളുമായി
പുതിയൊരു ശുഭ്ര ജനത
░=░=░=░=░=░=░=░=░

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...