Tuesday 15 November 2022

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത 

ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത് 

കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ


അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം 

കാമത്തിന്റെ കടുത്ത കണ്ണുകൾകൊണ്ട് 

കോറിയ പ്രണയത്തിന്റെ 

മുല്ല വാസനയുള്ള പ്രണയം പതിച്ചപ്പോൾ 

പാവം അവനും 

ഇസ്തിരിപെട്ടിക്കടിയിലെ

തുണിപോലെ 

തേയ്ക്കപ്പെടുകയായിരുന്നു 

@അഷ്‌റഫ് കാളത്തോട്

നരകം

 

 നരകം

അഷ്‌റഫ് കാളത്തോട്  

മാർജ്ജാര മൗനം ഭഞ്ജിച്ചു 

കലഹിക്കുന്നതെരുവുകൾ 

കൂർക്കം വലിക്കാതെ ഒടുങ്ങുന്നരാത്രി  

നരകമാണിത് എത്ര മധുരം പനിക്കുന്ന 

ശകുനമാണിത്.. 

ജീവ ശാപമാണ്..  

ഇതിലും പെരുമതുടിക്കുന്ന

ഹിമാലയനരകമിനി നരകത്തിൽ പോലും ഇല്ലാത്തവിധം   

മുഖരിതം അതിന്റെ തീക്ഷ്ണത്തേട്ടങ്ങളാൽ.. 

കണ്ണീരിൽ കുതിർന്നണ്ഡകടാഹങ്ങൾ 

സി സി ടി വിയ്ക്കു പോലും കാണാത്തതെല്ലാം 

ഒപ്പിയെടുക്കുന്ന ആരോ ഒരാൾക്കെന്തെ 

ഈ ചായ്ച്ചുകെട്ടിന്റെ  നരകംമാത്രം 

കാണാൻ കഴിയാത്തൊരന്ധത

വ്യഥകൊണ്ടവർ തുടരും പരിദേവനം 

അതും കേൾക്കാൻ കഴിയാത്തബധിരത  

ആ 

ആരെയാണോ  

എന്നിട്ടും പൂവിട്ടു പൂജിക്കുന്നു 

പൂജാരി 

കാട്ടുവാസി.. 

തിരികൾ തെളിക്കാത്ത നാട്ടു വഴികൾ, 

ചെറ്റപ്പുരകൾ,

അടയാളമില്ലാത്ത പീഡന പർവ്വങ്ങൾ 

അടരാടുവാൻ ത്രാണിയില്ലാത്ത മർത്യനായ് 

മൂകമൊടുങ്ങുന്നവന്യജീവി 

ശ്വാസം നിലയ്ക്കുന്നു

കണ്ഠനാളങ്ങളിൽ വഹ്നിയാളുന്നു   

ക്ഷിതിയുടെ രുദ്ര ഭാവങ്ങളിൽ നിത്യം

അടരുവാനുള്ളതാണീപൂക്കളത്രയും!

നുകരുവാനുള്ളതാണതിലെസുധയത്രയും!

ഭയത്തിന്റെ ഇരുൾ ഗുഹകൾ നാലുചുറ്റിലും 

മതിലായ് പർവ്വതങ്ങൾ വളരുന്നു..

ഭയമില്ല    

മറ്റേതുനരകം വിളിച്ചാലും!

ഭയകോവിലുകളുടെ ഉയരങ്ങളില്ലാതെ 

നിഗൂഢതകളുടെ ഗിരിശ്രിംഗ മേറി ഞാനെത്തും  

ഇടതടവില്ലാതെ പെയ്യുന്ന മഴമേഘ 

മിരുൾകെട്ടി ഘോര തപസ്സിന്റെ കാനന

കലവറ വകഞ്ഞു മാറ്റി

ഉരുകുന്നാത്മാവിന്നഗാധ ഗർത്തങ്ങളിൽ 

കത്തിപ്പടർന്നതാണെന്റെ സ്വപ്നം!

വെന്തു തീരാതെ തീരുന്നതത്രയും 

കരുതാം അതെന്റെ..

എന്റെ കർമ്മയോഗം!

ഹൃത്തിൽ കരഞ്ഞു പാടുന്ന രാപ്പാടി

ഒരു വസന്തത്തിൽ കരച്ചിൽ നിർത്തും  

അതിനെ തുടർന്നെന്റെ 

എന്റെയാകാശത്തിൽ  

മലരുകൾ വിതറുന്ന മാലാഖയെത്തും 

കണ്ണിനു കാണാന്‍ കഴിയാത്ത 

മറയിൽനിന്നുദയമായ് പരമേശ്വരനുമെത്തും 

അലിയുന്ന മനസ്സുകൾ മാത്രമില്ലാത്ത വേദനകൾ  

ഒന്നാശ്വസിപ്പിക്കുവാനാരുമില്ലാത്ത 

ദണ്ണത്തിന്നറുതിയാകും 

തലമുകളിൽ ചെളിവാരിയെറിയുന്ന 

ചൊറിഞ്ഞുപൊട്ടിക്കുന്ന

വേദനകളുടെ കുരുപ്പായ അയൽപക്ക ദുഷ്ടതകൾ 

അതിനെ അഗ്നി മലകൾ തിന്നുതീർക്കും  

അതിനായിട്ടാരോ ഇരുട്ടിന്റെ മറയിൽ മറഞ്ഞിരിപ്പുണ്ട്  

അവൻ വന്നു പാണികളിൽ പണിയായുധം നൽകും 

ചുണ്ടുകളിൽ ഇങ്കുലാബെഴുതും    

അശക്തംക്ഷയിച്ചരസനയിൽ 

അടരാടുവാനുള്ള തീപ്പന്തം നൽകും 

പ്രാണവായുവിൽ ചാമുണ്ഡികുത്തികേറും 

ശക്തിയുടെ ഖഡ്‌ഗം പതിക്കും    

തീപ്പന്തമാകേണ്ട മുഷ്ഠിക്കരുത്തിന്റെ മുനയിൽ 

ശൂലങ്ങൾ കൊണ്ട് താണ്ഡവമാടും 

അപ്പോൾ 

അപ്പോള്മാത്രം ചണ്ഡാലരിൽ 

പീഡിതരുടെ മേളങ്ങളുടെ  

സർവ്വഘോഷങ്ങളറിയും   

അവരറിയും  

അവരുടെ കരുത്തെന്തെന്ന്!   

അവരുടെ കാലുകളിൽ കോമരമുറയും   

കണ്ണുകളിൽ വിപ്ലവ തീപടരും

ദിക്കുകൾപ്രകമ്പനം കൊള്ളിക്കും   

തീനാളം കൊണ്ടു ചുണ്ടുകളിൽ 

സിംഹ ഗർജ്ജനം ചുവക്കും 

നാവിൽ വാക്കിന്റെവാളുണരും  

പൊയ് വഴി കാണാ ചൂട്ടു തരാം

ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം

നന്മകള്‍ പൂത്ത മണം ചൊരിയാം

നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം

കൊത്തികീറുക വേടന്‍മാരുടെ

കത്തിപടരും ക്രൂരതയെ

ചങ്ങല നീറ്റുക നീയിനി വീണ്ടും

മംഗലമുണരും കാടണയും

തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ്

തങ്കം ചാര്‍ത്തും പൂങ്കാവ്

തുള്ളി കാറ്റിനു നൂറു കുടം കുളിര്‍

തള്ളി നിറയ്ക്കും തേനരുവി

തളിരില വിടരും പൂംചിറക്

തളരാ മനസിന്‌ നേരഴക്

വേടന്‍മാരെ എരിക്കും കണ്ണില്‍

വേവും മനസിന്‌ നീരുറവ്


Monday 14 November 2022

 


അടരുന്നധീശത്വം

അഷ്‌റഫ് കാളത്തോട്  

വാർത്തിങ്കളേ നിന്റെ തൂവെളിച്ചം 

വീണു മഴകണ്ണുകളിൽ ഹരിതം ജനിക്കുന്നു 

പകുതി മാഞ്ഞമഴവില്ലിനെ തഴുകി 

പ്രതീക്ഷാരശ്മികളെത്തുന്നു 

സ്വപ്നസുഷുപ്തിയിൽ നിന്നുണരാതേ 

ജീവിതസ്വപനം കണ്ടു തീർക്കുവാൻ  

മഞ്ഞലകളിൽ മുങ്ങിയൊരനുഭൂതി 

നിറയുന്ന മയിൽ പീലികൾ 

മെയ്‌നീളെ പുണരുവാൻ 

മിഴികളിൽ നൃത്തമിട്ടുനിറയുവാൻ

കരളിനാശ്വാസം പകരുമാ-പകലുകൾ 

പതിവായി വന്നു ഭ്രമിപ്പിക്കുവാൻ

ചിറകിലൊതുക്കുന്ന തായ്കോഴി

അടയിരുന്നെപ്പോഴോവിരിയുന്ന 

പൊടികുഞ്ഞുങ്ങളാകുവാൻ  

ഹൃദയത്തിലൊരിടം തന്നൂ

ശ്രീകോവിലിൽ നിന്റെയും 

എന്റെയും പൂജകൾപാകുന്ന  

സൗഹൃദ നിവേദ്യങ്ങൾ ഭക്ഷിച്ചു 

സൊറപറഞ്ഞൊരു സായാഹ്‌ന 

കളങ്ങൾമെഴുകാൻ    

പരസ്പരം കനിവിന്റെ മൽഹാറുകൾ 

ഹൃദയപുഴകളിൽ നിറയ്‌ക്കുവാൻ  

അതിന്റെ കൈവഴികൾ ഒഴുകി 

വഴികൾ, ദേശങ്ങൾ, ഭാഷകൾ 

നദികൾ, നാടുകൾ തോറും 

മൈത്രിയുടെ വിത്തുകൾ മുളപ്പിക്കുവാൻ  

തളിരിളം പൂപോലെ പരിമളം 

തൂകുന്ന ഹൃദയകവാടങ്ങൾ തുറക്കുവാൻ

കൂരിരുട്ടിന്റെ ഉള്ളറകളിൽ 

ശാന്തപൗര്ണമിയുടെ തൂവെളിച്ചം 

പ്രകാശിപ്പിക്കുവാൻ..  

വേദനിക്കുന്ന മനസ്സിലും വേവലാദിയിലും

ശാന്തിയുടെ പാർവതീ ഭാവവും

സരസ്വതിയുടെ പ്രത്യക്ഷ രൂപങ്ങളും

ചേർന്നൈശ്വര്യദേവതകളായിമാറുവാൻ  

ചിറകുകളിൽ നൈവേദ്യം നൽകി പ്രസാദിക്കുവാൻ

ചണ്ടമുണ്ടന്മാരെ, രക്തബീജന്മാരെ

ജട പിഴുതു തറയിൽ അടിയ്ക്കുവാൻ 

കാളി വീര്യത്തിന്റെ കോപത്താണ്ഡവമാടി  

ശ്മശാനത്തിലും, യുദ്ധഭൂമിയിലും 

കറുത്ത കരുത്തായി 

ക്ഷിപ്രപ്രസാദത്താൽ 

വസുധയുടെ ദീനങ്ങളിൽ 

വസൂരി പരത്തുന്ന ഉത്കണ്ഠകളിൽ 

ഊർവ്വരതയായി മാറുവാൻ 

രാത്രി നിഴലുകളുടെ കരിങ്കാറേറ്റു 

പിടയുന്ന മണ്ണിന്റെ ഫലഭൂയിഷ്ടത

സ്വായത്തമാക്കുവാൻ..  

കരയുന്ന കർഷകരുടെ 

കണ്ണിലെ ഹിമ തുള്ളികൾ 

വീണ ശാപശാക്തേയശക്തിയാകുവാൻ    

ദുഷ്ടനാശത്തിന്റസ്തമയത്തിൽനിന്നും 

വീണ്ടുമുദിക്കുന്ന സൂര്യചാമുണ്ഡിയാകുവാൻ  

കരിനീലികാളുന്ന കരിമലകൾ പൊടിയുന്ന 

വന്യതകളെരിയുന്ന ജീവനുകളുരുകുന്ന

ഉറയാതെനുരയുന്ന കടലെങ്ങുവേറെ

നിറവിന്റെയലിവിന്റെയിതളായി 

വിൺനോക്കിവിടരുന്നയർക്കജ്വാലകളായി   

നദീതീരോത്സത്തെളിച്ചത്തിൽ  ഭയന്നോടുമിരുട്ടുകളുടെ 

ഭൂത പിശാചുക്കളായി 

കടലാഴത്തിലെവിടെയോ പങ്ങിപ്പതുങ്ങുവാൻ 

കാനന ദുരൂഹതയിൽ മാമാങ്കമാകുവാൻ  

വന്യമായ്‌ മാറുവാൻ ഒരുകുമ്മാട്ടിയായിടേണം 

രാപാടി ഗാനത്തിൽ മയങ്ങുമ്പൊഴും

രാകോലങ്ങളിൽ ഭയം കേറുമ്പോഴും     

ഇളംകടലിൽ നിന്നുയരും തിരമാലകൾ 

അതിന്റ ആവേശം കൊണ്ട് തകർക്കുമ്പൊഴും 

നേര്‍ത്തൊരരുവിയായ്  പേപിടിച്ചാടുന്ന

വന്മരചില്ലയിൽ കൂടുകൂട്ടുമ്പൊഴും 

ശത്രു തളരുമ്പൊഴും

മനസിലെ കറകൾ നേർത്തു പോകുമ്പോഴും  

ക്രോധത്തിലടരാടി പുരളുന്ന നിണമിറ്റ്‌  

നിറയുന്ന മതവെറി പുഴകൾ വറ്റും 

പലരായ നമ്മൾ നമ്മളെ അറിയും 

പിന്നെ നമ്മുടെ ഹൃദയങ്ങൾ ഒന്ന് ചേരും 

ചേർത്തു പിടിച്ചു നമസ്ക്കരിക്കും 

നമ്മളിലഭയത്തിന് താഴ്വരകൾ 

പൂക്കുന്ന പൂങ്കൊടികൾ 

വസന്തസൗഗന്ധം പരത്തി നിൽക്കും    

Sunday 13 November 2022

 


കാളിയ മർദ്ദനം

അഷ്‌റഫ് കാളത്തോട്  


മക്കളെ,

നാം ഇന്ന് മാറുന്ന ക്ഷിതിയിലാണിപ്പോൾ 

സ്വപനമാകുന്ന ജന്മഗേഹങ്ങളുടെ 

നടുവിൽ നാം വീർപ്പുമുട്ടി തീരേണ്ടവർ 

നാം പഠിച്ച പാഠങ്ങളെല്ലാം മറന്നേക്കുക  

ഇവിടെ നാം മാറുന്ന ജന്മനാട്ടിൽ 

വെറും കാട്ടുമൃഗങ്ങളായ്  കഴിയേണ്ടവർ?

ദുരിതം പേറി അലയേണ്ടവർ?

ഇരുട്ടിലെ കോലങ്ങൾ കൊട്ടിയാടിക്കൊണ്ട് 

കഴകങ്ങൾ എത്തുകയായി 

ഇനി നമ്മളീ ഭീതിയുടെ കിളിമാസ് കളിയിലാണ്‌..

അവർ കെട്ടുന്ന കള്ളികൾ 

കളങ്ങളുടെ രാജാധികാരങ്ങളിൽ 

നമ്മളന്യരാക്കപ്പെടുകയാണ്

പൂർവികർ ചെയ്യാത്ത പാതകങ്ങൾ 

കെട്ടിവെയ്ക്കുന്ന ശിരസുകൾ 

അറിയാതെ 

പേറുമാപാതകങ്ങൾ 

അതോ ചെയ്തു പോയെങ്കിലത്  

തലമുറകൾ തലമുറകൾ 

ഏറ്റെടുക്കേണ്ട 

പരിഹാരമില്ലാത്ത ശാപമാണോ?

തെരുവ് നായയുടെ സൗഭാഗ്യം പോലും 

നിഷേധിച്ചു 

പാലരുവിയൊഴുകാത്ത 

കാട്ടുതുളസിപൂക്കാത്ത 

സൂര്യന് പോലും പ്രവേശനം നിഷേധിച്ച 

കാരാഗൃഹത്തിൽ വാസിയാകാൻ..

പിന്നെയോ 

കാതങ്ങളലഞ്ഞുതിരിഞ്ഞു നടക്കേണ്ട 

പുറം നാട്ടിലെവിടെയോ 

നാട്ടുതെണ്ടിയായ് മാറേണ്ട

നൊന്തുപെറ്റമ്മയ്ക്കു വേണ്ടാത്ത മക്കളായ് 

പോറ്റമ്മയാരാകുമെന്നറിയാതെ 

അറിയാത്ത നാടുകളിൽ അലയേണ്ടവർ 

കേൾക്കാത്ത ഭാഷയിൽ വ്യവഹാരം നടത്തേണ്ടവർ  

അറിയാത്തപലതും അറിയേണ്ടവർ 

ഇനിമുതൽ പുതിയ പാഠങ്ങൾ തുടങ്ങേണ്ടവർ 

ചാട്ടുളികളേറ്റു കരുവാളിച്ചദേഹത്തു 

ഉപ്പുരച്ചു രസിക്കുന്ന ക്രൂരതയുടെ 

കാലുപിടിച്ചു  യാചിക്കേണ്ടവർ?  

കാരിരുമ്പാണി തുളയ്ക്കുന്ന നോട്ടത്തിൽ 

അമ്മയുടെ, പെണ്ണിന്റെ, പെങ്ങളുടെ, മോളുടെ 

മാനത്തിൽ മന്ത്രം ജപിച്ചും 

ആചാര പൂജകളിലടിവസ്ത്രമുരിഞ്ഞും  

മണൽകാട്ടിലൊറ്റയ്ക്കു വളരുന്ന 

മരത്തിൽ പതിക്കുന്ന കൊടുങ്കാറ്റു പോലെ..

വരമ്പത്തും പാടത്തും പൂക്കാത്ത 

പൂച്ചെടികളെ   വലിച്ചു നാറ്റിച്ചും

അവരുടെ നാണത്തിൽ മാനത്തിൽ 

കണ്ണുകൾ കേറി കോറി  

കപട സ്നേഹത്തിന്റെ കപടി കളിച്ചും

ഒഴിഞ്ഞുപോകുന്ന മാളങ്ങൾ 

പിടിച്ചെടുത്തിഴയുന്ന  

രജവെമ്പാലയുടെ

ഫണത്തിൽ വിഷത്തിൽ 

നീലച്ച കാർമേഘമായും   

ഒടുവിൽ തീർക്കേണ്ട കാരാഗൃഹത്തിൽ 

ഒരു കൊടുമുടി വേദനകൾ കൊണ്ടും 

തീരുന്നു സ്വപനങ്ങൾ 

തീർക്കുന്നു കരുതലുകൾ 

തടയിടാനാകാത്ത പ്രാർത്ഥനകളെ ശപിച്ചും 

ഒടുവിൽ വിജയത്തിൽ തിമിർത്താടും 

മഴയുടെ ഗളത്തിൽ ചവിട്ടുവാൻ 

ത്രാണിയറ്റും  

എന്നിട്ടും കൈവിടാത്ത  

മോക്ഷ വിശ്വാസങ്ങൾ മാത്രം!

ക്ഷിതിയുടെ ഗർഭം പിളർന്നു 

പൊക്കിൾക്കൊടി ബന്ധം മറന്നും 

ചിലർ ഓങ്ങുന്നു വാളുകൾ 

അസ്ത്ര  മുനകളേറ്റു പിടയുന്ന 

മാൻപേടയാകുവാൻ മാത്രമാണോ 

ഈ ഭൂതലത്തിലേ

വറചട്ടിയിൽ 

എണ്ണയിൽ മൊരിയുന്ന പലഹാരമാകേണ്ടവരാണോ? 

ദൈവമേ നീ തള്ളിവിട്ടല്ലോ 

നീ ചതിച്ചല്ലോ 

എന്ന് ഉച്ചത്തിൽ പരിതപിച്ചും 

കനിവിന്റെ സൗരയൂഥത്തിലെവിടെങ്കിലും 

ഒരു സൂര്യ രശ്മിയുടെ ഉദയം പ്രതീക്ഷിച്ചും 

ഒരു കൂന കെട്ടി  ജീവിതം തീർക്കുവാൻ

കൊതിച്ചിട്ടു തിരയുന്നു 

മനുഷ്യസ്‌നേഹത്തിന്റെ 

തിരിതെളിച്ചെത്തുന്നൊരർക്കനേ അവിടെയെങ്ങും  

ഗോരോചനം കഴിച്ചൊരുനൂലിൽ 

താളമിട്ടൊടുക്കുവാൻ വ്യഗ്രതയിലലയും

നായ്കളൂടെ വന്യ തീക്ഷ്ണ ക്ഷൗര്യം 

തീർക്കുന്ന പാണന്റെ 

പാണീ ബാണ വേഗത്തിലോടുന്ന 

ചെണ്ടയാക്കല്ലേ! 

മേനികളെ നായാടി 

ജീവച്ഛവംപോലെ തെരുവിൽ 

കിടന്നു ഗതി തീരുന്ന 

ചെറു പ്രാണിയുടെ ജീവിത ഗതിയാക്കല്ലേ 

ഉള്ളുരുകി പെയ്യുന്ന കാർമേഘമത്രയും      

വഴികളിലെറുമ്പിന്റെ പ്രാണവിലാപവേഗങ്ങളിൽ 

നിറനിരകളായ് പെരുകുന്നു പ്രതികാരം

ഒടുവിലീ പീഡിതരുടെ ക്ഷീണം പതിക്കുന്ന 

നീളൻ കുരിശിൽ നിണനദികളുരുകുമ്പോൾ

കദംബമരം പോലെ ശാപമോക്ഷത്തിൽ 

വളരുമെന്നോ? 

മുൾക്കിരീടം ചുമന്നെത്തുന്നതാരോ    

കാളിയ ഫണങ്ങളിൽ തീരാത്ത കണ്ണന്റെ 

കളികണ്ടു വർഷിച്ച മലർ മഴയിൽ 

യക്ഷഗന്ധര്‍വ്വന്മാര്‍ പാടുന്ന രാഗങ്ങളിൽ 

തീരുന്ന വാവുബലി പോലെ 

അഷ്ടനാഗങ്ങളുടെ മർദ്ദകൻ 

ഈ വഴി എത്തുമെന്നുള്ള പ്രത്യാശവെയ്ക്കാം.. 

കദ്രുവിൻ പന്തയപകയായ വിനതയുടെ

മക്കളായ് മാറുന്ന നമ്മളുടെ അരികിൽ 

കാളിയ മർദ്ദകൻ വന്നെത്തും   

കദ്രുവിൻ ദാസ്യത്തിലൊടുങ്ങേണ്ട  

നമ്മളുടെ പരമ്പര 

എന്ന അശരീരകൾ 

ആകാശ പ്രകമ്പനമാകും!

Saturday 12 November 2022

പൂത്തിരി: കോലങ്ങളും കോവിലുകളുംഅഷറഫ് കാളത്തോട്എന്റെ ജീവിത ചി...

പൂത്തിരി: കോലങ്ങളും കോവിലുകളുംഅഷറഫ് കാളത്തോട്എന്റെ ജീവിത ചി...: കോലങ്ങളും കോവിലുകളും അഷറഫ് കാളത്തോട് എന്റെ ജീവിത ചിത്രങ്ങളാണീ വെള്ളക്കടലാസിൽ നിങ്ങളുടെ ഇമകളെ  കാത്തിരിപ്പൂ   ലോകത്തിനേകിയ നന്മകളുടെ സൗഹൃദനേര...


കോലങ്ങളും കോവിലുകളും

അഷറഫ് കാളത്തോട്

എന്റെ ജീവിത ചിത്രങ്ങളാണീ

വെള്ളക്കടലാസിലെ പൂച്ചിരികൾ

ലോകത്തിനേകിയ സൗഹൃദനേരിന്റെ

താളമേളങ്ങളുടെ താരകങ്ങൾ

അതിനിടയിലെപ്പോഴോ

കാലവാഹന കണ്ണുകൾ

പാഞ്ഞടുക്കുന്നെന്റെ നിഷ്കളങ്കതയിൽ

ഇരുട്ടിന്റെ ഭൂതങ്ങളുറഞ്ഞു

തുള്ളുന്ന വഴികളിൽ 

പിന്തുടരുന്നെന്നെ

വിഷനായ്ക്കളും

പേകോലങ്ങൾ നിഴലുകൾ

വേശ്യാലയ പടവുകൾ 

ഇറങ്ങിയെത്തുന്ന  

പർവ്വത പ്രേതങ്ങളുടെ

താണ്ഡവ കാഴ്ചകളുമുണ്ട്..

പിന്നെയും പലതും

മറച്ചു നോക്കുമ്പോളീ

പുസ്തകത്താളുകളിൽ കാണാം!

എങ്കിലും ചില നക്ഷത്ര തിളക്കങ്ങൾ

പൊന്നുരുക്കുന്ന മഞ്ഞതെളിച്ചങ്ങൾ

സൽകൂട്ടുകാരുടെ ചിന്മുദ്ര പതിഞ്ഞ

സെല്ലുലോയിഡും

വഴിയുടെ ഇരുൾ നീക്കി

ലക്ഷ്യത്തിലേക്കുള്ള നാഴിക കല്ലുകളായി 

നിങ്ങള്ക്ക് കാണാം

ഭൗമാന്തരങ്ങളിൽ

പ്രവേശനം നിഷേധിച്ച നീചജന്മങ്ങളെ

നീങ്ങി പോകുക

നെഞ്ചോടുചേർത്ത ഈശ്വരക്കളങ്ങളിൽ 

ചവിട്ടാതെ

നീങ്ങി പോകുക..

സമചിത്തതയുടെ മൌനത്തിലൂടെ

സഞ്ചരിക്കുന്ന പാതകൾ അശുദ്ധപ്പെടുത്താതെ

കാലാന്തരങ്ങൾ പടുത്തുയർത്തിയ

മതവെറികളുടെ കലഹകൂമ്പാരമാകാതെ

സ്നേഹ കോലായങ്ങളുടെ തിട്ടയിൽ കയറ്റാതെ

അത്തരം 

അമംഗളഹൃദയങ്ങളെ ആട്ടിയോടിക്കുക

സ്നേഹത്തിന്റെ ആത്മവിദ്യ പതിപ്പിച്ച ഹൃദയങ്ങളിൽ

ഭൗതിക പണ്ടങ്ങൾ നിറച്ചു

മുഷിഞ്ഞു പോകുന്ന

മനസ്സിൽ നടത്തിയ യുദ്ധങ്ങളുടെ

രണഭേരികളുണ്ട്!

തോറ്റോടുന്ന അഹങ്കാരങ്ങളുടെ

ഹൃദയ ചില്ലുപെട്ടികൾ പൊട്ടി നുറുങ്ങി

കൊഴിഞ്ഞു വീഴുന്ന ദയാമൽഹാറുകളുമുണ്ട്!

പശ്ചാതാപ പ്രവാഹങ്ങൾ

നുറുങ്ങിയലറുന്ന പാപമോചന തേട്ടങ്ങൾ

സൗഹൃദ പാദകൾ തെളിക്കുന്ന സൂര്യ കിരണങ്ങൾ

തെളിഞ്ഞ ഭൂമിയുടെ മുകളിൽ

കാളിയ വിഷം പുരട്ടിയാടുന്ന

രാക്ഷസനക്ഷത്ര ചിരിയിൽ

രക്ഷയുടെ വഴികൾക്കു വേണ്ടിയുള്ള രോദനങ്ങളുമുണ്ട്!

അത് കേട്ടെത്തും പ്രവാചക ഹൃദയങ്ങൾ

കാരുണ്യ നനവുകൾ

അറിവിന്റെയുറവകൾ

സ്നേഹതെളിനീരുകൾ

പുണരുവാനായ് കാനനങ്ങൾ തോറും

കറങ്ങുന്ന കാറ്റുപോലാകും

ശത്രുവിന്റെ ഹൃദയ കാഠിന്യത്തെ

കൗതൂഹലത്തോടെ നോക്കുന്ന

ചകിതരുടെ വിഹ്വലത

ഉരുക്കുമൊരു കിരണം

മഞ്ഞു മലകൾ ഉരുകി കടലാഴങ്ങൾ

അരുവിയായൊഴുക്കുന്ന

ദൈവീക വിദ്യ..

ഇതിലുണ്ട്

ഹൃദയലേഖത്തിന്റെ ചിത്രതാളുകൾ

മറിച്ചു നോക്കുമ്പോൾ

കാണാം 

നന്മയുടെ ഗുരുകുല പാഠം!

അത് ശീലിക്കട്ടെ പുതു തലമുറ!

പഠിപ്പിക്കട്ടെ

നന്മയുടെ പാഠം

അറിയുക

ശത്രുവിലുമുണ്ട് വാത്സല്യം,

ഇഷ്ടം,

ഗുരുപ്രാര്ഥനയും, സാരോപദേശങ്ങളും

ഒന്ന് തലോടിയാൽ മാത്രം മതി

പിശാചിന്റെ തലയിണ മന്ത്രങ്ങളിൽ നിന്നും

മോചിപ്പിച്ചു മിത്രമാക്കുവാൻ..

ഓതിക്കൊടുക്കണം നീതിയുടെ അന്തസാരങ്ങൾ

അശാന്തിയില്ലാത്ത കാനനപാഠങ്ങൾ

തിന്നും തീർത്തും പ്രതികാരമില്ലാത്ത

കൊണ്ടും കൊടുക്കലുകൾ

സാഗര ജീവികളുടെ ജീവിത ദർശനങ്ങൾ

ഒന്ന് മറ്റൊന്നിനു വളമാകുമെന്ന

പ്രാകൃത പ്രകൃതി!

പ്രാർത്ഥനകളെ ചുട്ടെടുക്കുന്ന

വിദ്വേഷങ്ങളുടെ നീച സഞ്ചാരങ്ങളിൽ

സ്നേഹം ക്ഷാരമാക്കുന്ന

പകയുടെ അഗ്നി പർവ്വതങ്ങൾ

ആഴക്കടലിലെ അജ്ഞാത ലാര്‍വകള്‍...

അത് വേണം

അതും വേണം

കാറ്റും, മഴയും, തീയും, പുകയും,

ഇടിയും, മിന്നലും

പ്രക്ഷോഭങ്ങളും

തമസ്ക്കരിച്ചിടാനുള്ള തമ്പുരാന്റെ

നശീകരണായുധങ്ങൾ

അത് വേണം

അതും വേണം

പകയില്ലാത്ത മനസ്സുകൾ

പുതു പാഠങ്ങൾ നൽകാത്ത

പൂർവികർ തമ്സ്കരിച്ച പ്രദക്ഷിണ വീഥികൾ

അശുദ്ധങ്ങളാകുമോ എന്ന വ്യഥകൾ..

അതിന്റെ കരുതലുകളും..

പൗരാണിക പ്രമാണങ്ങളും

കേട്ടുകേൾവികളും,

ചാർവാക പിന്തുടർച്ചകളും,

മഹോത്സവങ്ങൾ, ഭൂതപൊലിയാട്ടങ്ങൾ ,

എല്ലാം നമ്മുടെ സംസ്‌കൃതിയുടെ അടയാളങ്ങൾ

വിശ്വാസികളുടെ ചാവേറുകൾ

കൊടും വിഷവായയിൽ കൊത്തുവാനുള്ള

കോമ്പല്ലുമായി പിന്തുടരുന്ന നിഴലുകൾ

പാതത്തെറ്റാത്ത

ഉറുമ്പിൻ പ്രയാണങ്ങളെ

ഞെരിച്ചൊടുക്കാനുള്ള കുതിരക്കുളമ്പടികൾ

ചെവിയിൽകുത്തും ചെമ്പരത്തിപൂവുകൾ,

തുള്ളൽ നിറങ്ങൾ

വെളിച്ചപ്പാടിന്റെ വെളിപ്പെടുത്തലുകൾ

നിറങ്ങളില്ലാത്തവർക്കായ്

ഒരുങ്ങുന്നു അറവുശാലകൾ

കരഞ്ഞു തീർക്കാൻ നിരവധി നിമിത്തങ്ങൾ

ശാന്തമായിമേടുകൾ തഴുകുന്ന മന്ദമാരുത

തന്ത്രികൾ മീട്ടുന്ന സ്നേഹഗീതങ്ങൾ

മുളങ്കാടുകൾ കൈകോർത്തുമൂളുന്ന

ഒരുമയുടെ സങ്കീർത്തനങ്ങൾ

ഝടിതിയിൽ ഭാവപ്പകർച്ചകൾ

പിന്നെ സർവ്വസംഹാര കൊടുങ്കാറ്റാകുന്ന

നിമിഷങ്ങൾ

തേഞ്ഞു പോകുന്ന സാരോപദേശങ്ങൾ

തേനിൽ ചാലിച്ച മാസ്മരിക വചനങ്ങൾ

വീണയിൽ നിന്നും നിതാന്ത വാനങ്ങളെ ചുംബിച്ച

ദൈവദത്ത പ്രബോധനകൾ..

ഉയിർത്തെഴുന്നേൽപ്പിന്റെ വ്രാളികൾ

പൊക്കിൾ ചുഴികളെ ദണ്ണിച്ച

വൃത്തിഹീന കർമ്മങ്ങൾ

കുലം മുടിഞ്ഞു പോകുമെന്നുരുകുന്നു

പെറ്റമ്മച്ചങ്കുകൾ!

അവരുടെ ആകാശം മൂടുന്ന കരിങ്കാറുകൾ

അവിടെ

ചിഹ്നം വിളിച്ചലറുന്നു കൊമ്പന്മാർ

പ്രകമ്പനം കൊള്ളുന്ന വാനമേഘങ്ങൾ

ധരണിയെമുക്കുന്നു മിന്നൽപിണറുകൾ

മിഴികളുടെ കടൽ പ്രവാഹങ്ങൾ..

കരിനാക്കിനാൽ മുടിയുന്ന കഴകങ്ങൾ

നിലയ്ക്കാത്ത ശതനാമങ്ങളിൽ ഓംകാരം

സ്ഫന്ദിച്ച തീ നിലാവുകൾ കെട്ടുപോകുന്ന

കരളടുപ്പുകൾ

വേവുന്ന ദുഷിച്ച വികല വേഷങ്ങൾ

അതിന്റെ നിറങ്ങളിൽ

മാത്രം ഒതുങ്ങാത്ത സ്വാച്ഛന്ദ്യപ്രകോപനങ്ങൾ!

വിശ്വാസങ്ങളുടെ ധർമ്മചന്തം കെടുത്തുന്ന പേക്കൂത്തുകൾ!

പരബ്രഹ്മപൊരുളിന്റെ

ഹിതവും നന്മയും, സ്നേഹവും, കാരുണ്യവും

തിരിച്ചറിയാത്ത നീക്കങ്ങൾ..


പരമേശ്വരനു മാത്രം പകരുവാനാകുന്ന

വെന്മയുറ്റുന്ന സ്വർഗ്ഗ ഭവനങ്ങൾക്കുവേണ്ടിയുള്ള

ഭാഗം വെയ്ക്കലുകളും

നിണം കൊണ്ട് നിറയുന്ന നിള

നരക നാഗരികതയുടെ തുടർച്ചകൾ

ചിലരുടെ പുളകമാകുന്ന കർമ്മങ്ങൾ

വേണ്ട

വേണ്ട വേണ്ട ഈ വിപരീത ചിഹ്നങ്ങൾ!

അംഗശുദ്ധിയിലാകട്ടെ ദൈവമഹത്വങ്ങൾ

അശുദ്ധിസ്പർശങ്ങളിൽ കോപജ്ജ്വാലകളുടെ

തീക്കട്ടയാൽ പൊതിയുന്ന ദേഹങ്ങലാകാതിരിക്കട്ടെ

ഭദ്രമായിരിയ്ക്കട്ടെ വിശ്വാസ സംഹിതകൾ

അശുദ്ധരുടെ പാദസ്പർശമേൽക്കാതെ-

യീശ്വരൻ പാവന ക്ഷേത്രങ്ങളിൽ കുടികൊള്ളട്ടെ!

സ്മരണയുടെ ഭജനയിൽപൊലിക്കട്ടെ!

അതാകണം പരമേശ്വര സ്‌മരണാഞ്ജലികൾ

നശ്വര വിഗ്രഹങ്ങളത്രയും

ഹൃദ്യവിശ്വാസങ്ങളത്രയും

അനശ്വരമാക്കട്ടെ..

ദൈവം ദൈവമായ് തന്നെ

കരളുകളിൽ ഒതുങ്ങിയിരിയ്ക്കട്ടെ.

ആരോ പാടിയ വരികളും

ആരോ നിർമ്മിച്ചൊരു ബിംബവും

ക്ഷേത്ര കുടീരങ്ങളിൽ ചൈതന്യം നേടുന്നു..

ആ ആരോകൾ തന്നെ മനുഷ്യ മനസ്സുകളുടെ

അശാന്തിയാകുന്നു..

ദൈവമാകണം തോളുകൾ ചേർക്കുന്ന

കാലടികൾ നേർ രേഖയിൽ നടത്തുന്ന

കൈകെട്ടി കൈകൂപ്പി എതിരേല്പിൻ

ചെന്തെങ്ങും, വാഴക്കുലകളുമാകുവാൻ

അശാന്ത പർവ്വമാകാതെ

വിനീത പർവ്വമാകുന്ന

മനുഷ്യരായ് മാറുവാൻ 

Wednesday 9 November 2022

 രണ്ടുംകെട്ട പെയ്ത്


അഷറഫ് കാളത്തോട് https://www.facebook.com/kalathode/

സൂര്യപ്രകാശം കടക്കാത്തമുറിയിൽ 

വേശ്യ തനിച്ചായിരുന്നു! 

അവളുടെ കണ്ണുകൾ 

വിദൂരതയിൽ ലക്ഷ്യങ്ങളിലേക്കു 

പോയികൊണ്ടിരിക്കുന്ന 

ജനക്കൂട്ടത്തിൽ മേയുകയായിരുന്നു,

അതിനിടയിൽ അവൾ ഞെട്ടിതിരിഞ്ഞത് 

അരികിൽ ആരോ വന്നപ്പോഴായിരുന്നു, 

വാതിൽ തുറന്ന് മന്ദസ്മിതം

അവളുടെ ദേഹത്തേയ്ക്ക് കോരിയിട്ട 

കൽക്കരിയിൽ തീവണ്ടി മുരണ്ടു  

സിഗ്നൽ കിട്ടിയതും ചീറിപ്പാഞ്ഞു 

ഓടുന്നതിനിടയ്ക്കു 

പാത ക്രോസ്സ് ചെയ്യുവാനുള്ള തിരക്ക്... 

പാളം, 

കാൽനടക്കാർ

ആവശ്യക്കാർ കൂടിവരുന്നതിന്റെ കാൽപ്പെരുമാറ്റം, 

കോണിപ്പടികൾക്കു വിശ്രമമില്ലാത്ത നിമിഷങ്ങൾ, 

വാതിൽക്കൽ ചെരുപ്പുകളുടെ എണ്ണം കൂടിവരുന്നുണ്ട്, 

ആരും അക്ഷമരാകരുത് എന്ന അറിയിപ്പിൽ  

ശബ്ദമുഖരിതമായ വിശ്രമമുറി..

എല്ലാരേയും സ്വീകരിച്ചതിനു ശേഷം മാത്രമേ 

ഈ പടിയടയ്ക്കു എന്ന സമാശ്വാസം,

ഇരുട്ടത്ത്,

വെള്ളത്തിൽ മുങ്ങിയദേഹം 

ചിലരുടെ കാലുകൾ പാമ്പും തവളയുമായി  

ഭൂമിയെ പരിഹസിക്കുന്നു.. 

ഉടുതുണി മാറിയ ദേഹമുരഞ്ഞു 

ഇക്കിളി കൊണ്ട് കട്ടിൽ പുളഞ്ഞു 

പുറത്തെ മഴയിൽ കുളിച്ചുനിന്ന

പൂക്കൾ നോക്കി ആകാശത്തെ ചന്ദ്രൻ കണ്ണിറുക്കി, 

അതൊക്കെ ഒരു കാലമായിരുന്നു എന്ന് 

ആളൊഴിഞ്ഞ കട്ടിലിലിരുന്നു വേശ്യ 

ആത്മഗതം ചെയ്തു! 

വഴിനീളെ നാട്ടിയിട്ടുള്ള 

സി സി ടി വി കണ്ണുകളാണല്ലോ

ഇതിനൊക്കെ കാരണം  

എന്നവൾ   

മുന്നിൽ നിൽക്കുന്ന കാമറനോക്കി

ഉപഭോക്താവില്ലാത്ത ലോകത്ത് ജീവിതം 

ദുസ്സഹമാക്കുന്ന വേദന 

വേശ്യയുടെ കണ്ണുകൾ 

മഴമേഘങ്ങൾ കൊണ്ട് മൂടി 

പിന്നീട് ഇടപ്പാതിയും കള്ളക്കർക്കിടവും 

ചേർന്ന് രണ്ടും കെട്ട പെയ്ത്തായിരുന്നു. 

മുട്ടകൾ പോലും കടക്കാൻ പേടിക്കുന്ന മുറിയിൽ 

ഇപ്പോൾ അവൾ തനിച്ചാകുകയാണ്..   

ഇരുട്ടിനുപോലും കൂട്ടുകാരില്ലാത്ത 

മിന്നൽവെട്ടത്തിൽ,

നിഴലിനുപോലും ഭയംതോന്നുന്ന 

വഴികളിൽ 

അവളെ മാത്രം അവൾ തെളിഞ്ഞു കണ്ടു.

വിശപ്പിന്റെ കോമ്പല്ലുകൾ 

നാലുപാടും 

കിതപ്പുകൾക്കിടയിലൂടെ

ഒരു 

ഒരേ ഒരു ഉപഭോക്താവിനുവേണ്ടി 

വേശ്യയുടെ 

കൊതി പാതകൾ അറിഞ്ഞു..

Tuesday 8 November 2022



ശത്രു എല്ലാകാലത്തും ശത്രു???

അഷ്‌റഫ് കാളത്തോട്

ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്
കാട്ടിൽ നടക്കുന്ന ഓരോ കൊലയും,
നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവും
എന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചു
എന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!
എന്നിട്ടും വിശ്വാസത്തിനു കോട്ടമോ
പതനമോ ഉണ്ടാകുന്നില്ല..
കൊലകളും കൊള്ളിവെപ്പുകളും
പരിഹാരവുമാകുന്നില്ല..
ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,
ജീർണിച്ചു വീഴാറായ അമ്പലങ്ങളും,
പള്ളികളും, ചർച്ച്കളും ഉണ്ട്.
ആ ദേവാലയങ്ങൾ പുനരുദ്ധരിക്കുന്നതിനെകുറിച്ചോ
അവിടെ വസിക്കുന്നവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ
ആർക്കും വേവലാതിയില്ല!
വിശ്വാസം എന്തുമാകട്ടെ,
ദൈവീക ഭവനങ്ങൾ
ശാന്തിയുടെ പിശാഗോപുരങ്ങളാണ്!
അവിടെ സമാധാനത്തിന്റെ
മാലാഖാമാരാണ് ഉള്ളത്.
ദിനം പ്രതി ഉയരുന്ന
അവശ്യവസ്തുക്കളുടെ വിലക്കയറ്റവും
തൊഴിലില്ലായ്മയും, നമുക്ക് മുൻപിൽ
ചുടല നൃത്തം ചെയ്യുന്നുണ്ട്.
ദാരിദ്ര്യം ഉയർന്നുയർന്നു
നേപ്പാളിനെ കടത്തിവെട്ടുമ്പോഴും
നമുക്ക് വേണ്ടത് പ്രതിമകളാണ്.
ദാരിദ്ര്യം തൂത്തു മാറ്റിയതിനു ശേഷം,
തൊഴിലില്ലായ്മ പരിഹരിച്ചതിനു ശേഷം
പ്രതിമകൾ നിർമ്മിക്കട്ടെ!
മോശം ആളുകളുടെ അക്രമം കൊണ്ടല്ല,
നല്ല ആളുകളെ നിശബ്ദമാക്കുന്ന ഭീകരത
കൊണ്ട് തന്നെയാണ് ഇനിയും നമ്മുടെ
ഭൂതകാലത്തെ മാറ്റാൻ കഴിയാതെ പോകുന്നത്!
യാഥാർത്ഥ്യത്തെ നിർവചിക്കുന്നതിലേക്ക്
അഭിപ്രായങ്ങൾക്കു ഉയരാൻ കഴിയുന്നില്ല
എന്നതാണ് സമകാലീന സത്യമായി മാറുന്നത്.
മരണത്തിനു ശേഷം നമ്മൾ എങ്ങനെ ആകും
എന്ന ആകുലതയെക്കാളും മരണത്തിനു മുൻപ്
എങ്ങനെ ആകണം എന്ന വിചാരങ്ങളാണ് എരിയേണ്ടത്!
ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കാത്ത
ഒരു വ്യക്തിയും ഈ ലോകത്ത് ഉണ്ടാകില്ല.
അതിനാൽ, കഷ്ടപ്പാടുകൾ ഒരു പാഠം പഠിപ്പിക്കുന്ന
അനുഭവമായി നാം കാണേണ്ടതുണ്ട്.
വലിയ കഷ്ടപ്പാടായി തോന്നുന്നതാണ്
ചിലർക്ക് നിസ്സാരമാകുന്നത്..
തിന്മയുടെ മാറ്റിനനുസരിച്ചല്ല ദുരിതം അളക്കേണ്ടത്,
അനുഭവിക്കുന്നവന്റെ രോഷത്തിൽ നിന്നാണ്.
അതിനെയാണ് പലപ്പോഴും ഭീകരമെന്നും
ഭീതിതമെന്നും വ്യാഖ്യാനിക്കുന്നത്..
ഏത് സാഹചര്യത്തെയും നേരിടാൻ
കൂടുതൽ ധൈര്യവും ദൃഢനിശ്ചയവും
പീഡിതർ നേടുന്നതിനെ ഭയപ്പെടുന്ന
നാസിസവും ഫാഷിസവും ചാവുകടലിലേക്ക് ഒഴുകിപ്പോയ
ചരിത്രങ്ങളാണ്‌ എപ്പോഴും പീഡിതർക്കുള്ള ഊർജ്ജം!
ക്ഷമയും സ്ഥിരോത്സാഹവും
അവർ പരിശീലിക്കുന്നത് വിധി ഏൽപ്പിക്കുന്ന
കഷ്ടപ്പാടുകൾ നീക്കുവാൻ വേണ്ടിത്തന്നെയാണ്.
അപ്പോഴും സമാധാനത്തെ അവർ സ്വപ്നം കാണുന്നുണ്ട്..
നീതി ഉറപ്പാണെങ്കിൽ ഭരിക്കുന്നവന്റെ മതം ആർക്കും പ്രശ്നമാകില്ല!
ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാണെങ്കിൽ
പ്രാർത്ഥനാലയങ്ങൾ സംരക്ഷിക്കപെടുന്നുണ്ടെങ്കിൽ
മതഭ്രാന്തിന്റെ നാട്ടിൽ ജീവിക്കുന്നതിൽ എന്തിനു ഭയക്കണം!
ആർക്കും എല്ലാവരും എല്ലാകാലത്തും ശത്രു ആയിരിക്കണമെന്നില്ല..
"അയ്യോ എല്ലാം പോയല്ലോ" എന്നു വിധിയെ കുറ്റപ്പെടുത്തുകയുമില്ല..
പോയത് തിരിച്ചുപിടിക്കാനുള്ള കഠിന പ്രവർത്തനത്തിലാണ് മുഴുകുക..
അത് തന്നെയാണ് മുസോളിനിയടക്കമുള്ളവരുടെ
പതനത്തിനു കാരണമായതും!
ഇതെല്ലാം ചില പൊതു നിരീക്ഷണങ്ങൾ മാത്രമാണ്‌.
കാഴ്ച്ചയിൽ നിന്നും തെന്നി മാറി വളരെ ദൂരെ,
ഊഞ്ഞാലാടുന്ന വീണ്ടും കാഴ്ചയിലേക്ക് തിരിച്ചെത്തുന്ന
ആ എന്തോ ഒന്ന് തന്നെയാണ് നമ്മളെ അലട്ടുന്നത്..
ദൈവത്തിൻ്റെ ദുരൂഹതയെ കുറിച്ചല്ലായിരുന്നു
മനുഷ്യൻ്റെ ദുരിതങ്ങളിലായിരുന്നു ബുദ്ധന്റെ വേവലാതികൾ
പന്നി മാംസം വിശിഷ്ടമാകുന്നവർ അത് ഭക്ഷിക്കട്ടെ!
കള്ളിൽ അനുഗ്രഹം കാണുന്നവർക്കു വേണ്ടി
സർക്കാർ പാർലറുകൾ ഉയരട്ടെ!
ജീവിതത്തിൽ ജാഗ്രത പാലിക്കുന്നവർക്കു അതൊന്നും
ഒരു പ്രശ്നമാകുകയില്ല..
എങ്കിൽ പിന്നെ ശത്രുക്കൾ
എല്ലാകാലത്തും ശത്രുക്കളായിരിക്കില്ല!

https://www.youtube.com/watch?v=wkDT4FhACsI

MANALBHOOMI BEST UPCOMING MOVIE TRAILERS 2019

https://www.indiansinkuwait.com/news/Trailer-of-Malayalam-movie-%E2%80%98Manalbhoomi%E2%80%99-released




ഗ്രഹണം

അഷ്‌റഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
സമയനേത്രം ഇനിയും കറങ്ങുന്നില്ല
ശബ്ദങ്ങളുടെ ചിട്ടയില്ലായ്മയിൽ
ചെവി ഏങ്കോണിച്ച് പോകുന്നു
ഇത്തിരി വക്രിച്ച്എന്നാൽ
മുഴുപ്പ് കൂടിയും കുറഞ്ഞും
കാഴ്ചയുടെ
ദൂരങ്ങളുടെ
പകലുകൾ ഇരുളുകയാണ്
കണ്ണുകളിൽ ഇക്ലിപ്സ്
പല്ലിന്റെ പാരുഷ്യം കഠിനമാണ്
അതിനിടയിൽ
കാറ്റിന്റെ സംഗീതത്തെ
സൂര്യന്റെ വെളിച്ചത്തെ
ആരോ മോഷ്ടിച്ചു കൊണ്ടുപോയി!
ഇരുട്ടിൽ തപ്പുവാനാണ് അതിന്റെ യോഗം എന്നും
പറഞ്ഞു മടക്കിക്കുത്തി തിരിഞ്ഞു നടക്കാം..
കാലം ശീലിപ്പിക്കുന്നതാണ് ഇതൊക്കെ..
കരകളിൽ വിഷനായ്ക്കൾ അലയുകയാണ്..
മൂര്ച്ചയുള്ള പല്ലുകൾ മരങ്ങളിലേക്ക്
അരം പോലെ അടുക്കുകയാണ്..
പാഞ്ഞടുക്കുന്ന അരൂപികളുടെ ഛേദതലരൂപം!
വെറുപ്പിന്റെ രക്ഷസുകളാണ്
എവിടെയും
തീർക്കുവാൻ വേണ്ടിതന്നെയാണ്
അടുത്തുകൊണ്ടിരിക്കുന്നതും..
അതിന്റെ സങ്കീർണ്ണതയിൽ ചുറ്റുവട്ടം
ഇനി വാസ്തുവിദ്യയുടെ സൗന്ദര്യം
തീരുവാൻ പോകുകയാണ്..
നിലനിർത്താൻ ആഗ്രഹിക്കുന്നത് വെറുതെ,
അതില്പരം വിഡ്ഢിത്തം വേറെന്ത്?
നിർമ്മലമായ സംഗീതത്തിന്റെ
നിശ്ചലതയ്ക്ക് കൗണ്ട്ഡൗൺ...
ജീവിത സംബന്ധിയായ
എല്ലാആവർത്തനങ്ങളുടെയും വിരാമം!
പുഴയും പുലരിയും ഇരുട്ടിലേക്ക്
മധ്യാഹ്‌നം സായാഹ്‌നം,
രാത്രി, കാറ്റ്, മഴ, ഇരുട്ട്, വെളിച്ചം
അതിന്റെ പ്രാർത്ഥനയിൽ നിലച്ചു പോയ,
താളുകളുടെ ഫുള്സ്റ്റോപ്
താളരഹിതമറിച്ചിലിൽ
അതിനെ തുടർന്ന് എഴുന്നു നില്ക്കുന്ന
മറ്റൊരു മാസ്മരിക ജന്മത്തിലേക്ക്
പ്രകാശത്തിലേക്കുള്ള വാതിലുകളെല്ലാം
അടഞ്ഞുതീരുമ്പോൾ
ജീവിതത്തിന്റെ മറ്റൊരു വാതിൽ
തുറക്കാൻ പോകുന്നു..
നാട്യമില്ലാത്ത വരവേൽപ്പിലേക്കുള്ള
പ്രവേശന കവാടത്തിൽ
പുഞ്ചിരിപ്പൂക്കളുമായി
പുതിയൊരു ശുഭ്ര ജനത
░=░=░=░=░=░=░=░=░

Monday 7 November 2022

 







സ്വപനംകാണാം
അഷറഫ് കാളത്തോട്

ജീവ വായു തരാതെ നീ നടന്നോ
വീണു മരിക്കുന്നത് ഞങ്ങളല്ലേ..
അതിനു ശേഷമെങ്കിലും
ശാന്തമായി ഉറങ്ങാമല്ലോ?
ഇങ്ങനെ ശ്മശാന്, ശ്മശാന് എന്ന് പുലമ്പി
നേരം വെളുപ്പിക്കണ്ടല്ലോ?
ആവേശഭരിതരാകേണ്ടത്
താങ്ങി നിർത്തുന്നവർ തന്നെയാണല്ലോ?
അവരും കരയേണ്ടവർതന്നെയാണല്ലോ!
അത് ഓർക്കുമ്പോഴാണ് കടലിലെ കൊടുങ്കാറ്റിന്റെ
അഹങ്കാരം തുടങ്ങുന്നത്..
ജീവവായു ഇല്ലെങ്കിലും
കക്കൂസുകളും കബർസ്ഥാനും മതി
എന്ന് തന്നെ കരുതുക
ക്ഷാമമുണ്ടെന്ന്​
കാറ്റേ നീ അറിയാതെ പോകരുത്
അതോ അറിഞ്ഞിട്ടും
കണ്ണടയ്ക്കുന്നതാണോ ആവോ?
നീ ആഞ്ഞൊന്നു വീശിയാൽ പോരെ
ഇലകൾ അനങ്ങാൻ
ഭൂമിക്കു ജീവൻ വെയ്ക്കാൻ
ജീവവായുവിനു തടസം നേരിടാതിരിക്കാൻ
അങ്ങനെ ആയിരുന്നുവെങ്കിൽ
ശ്‌മശാനത്തിലെ ഈ തിരക്ക്
ഒഴിവാക്കാമായിരുന്നല്ലോ..
അല്ലങ്കിലും പറഞ്ഞ വാക്കു പാലിക്കുന്ന
ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ..
എന്നിട്ടിപ്പോ ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ
ഒരു പേര്, അലംഭാവം!
ജുഡീഷ്യല് ഓഫീസര്ക്ക് റിപ്പോര്ട്ട് ചെയ്യണംപോലും
കോടതിക്ക് കുതിര കേറാംപോലും
മറച്ചു വെക്കുന്നെന്ന ആക്ഷേപം പറയാംപോലും
മരപ്പറമ്പിലെ കണക്കും, സര്ക്കാര് കണക്കുകളും
ഏങ്കോണിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാംപോലും
വളച്ചും തിരിച്ചും ടി.വിക്കാർക്ക് കഥകൾ ഞൊറിയാംപോലും
ചരിത്രത്തിലേക്ക് തുരപ്പനെ കയറ്റാംപോലും
അപ്രത്യക്ഷമാകുന്ന പൂർവ യാഥാർഥ്യങ്ങളെ
നോക്കി കൊഞ്ഞനം കുത്താംപോലും!
ചിതലരിക്കാത്ത മുഖപുസ്തകൾ
തണല് വിരിക്കുമ്പോൾ
അവിടെ പായവിരിച്ചുറങ്ങാം
ഡൗണ്ലോഡ് സ്വാമികൾക്ക് ശരണം വിളിക്കാം
മാറാവ്യാധിയുടെ സുനാമിക്കു വേണ്ടി
വഴിപാടുകൾ നേരാം..
മരണത്തിന്റെ മഴവില്ലുകൾ
ആകാശത്തിൽ ചിത്രം വരയ്ക്കുന്നത്
സ്വപനം കാണാം.
ആഹാ എന്തൊരു മഹാഭാഗ്യംപോലും!

 


ദ്യുതിമാഞ്ഞയാനം

അഷറഫ് കാളത്തോട്

ഈ യാത്രയിൽ ചില വ്യവസ്ഥകളുണ്ട്,
പുരാണങ്ങളുടെ സാക്ഷ്യവുമുണ്ട്,
ശുഭപര്യവസായിയായിരിക്കില്ല
എന്ന് ഉറപ്പിച്ചു തന്നെആയിരിക്കണം
യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും !
ഇരുട്ടിലൂടെ കുതിക്കുന്ന യാത്രകളിൽ
കടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള് കാഴ്ചകൾ
എല്ലാം ആവർത്തനങ്ങൾ ആയിരിക്കും
കണ്ടുകൊണ്ടിരിക്കുമ്പോൾ
വിരസതയുണ്ടാകും, ചിലപോൾ
കാണുന്നതെല്ലാം വേണമെന്നുള്ള
ബാല്യത്തിന്റെ ചാപല്യങ്ങളിൽ
പെട്ടുപോകാനും മതി,
കൗമാരത്തിന്റെ കൗതുകങ്ങളെല്ലാം
സ്വന്തമാക്കണമെന്നും തോന്നും
അതിന് കടിഞ്ഞാണുണ്ടാകുന്നത്
മുന്നോട്ടുള്ള കുതിപ്പിൽ അത്യാവശ്യമാണ്..
മമ്മൂട്ടിയും,മോഹൻലാലും, ജാക്കിചാണും,
ഭ്രൂസിലിയുമൊക്കെ ആകണമെന്നുള്ളതും
ആഗ്രഹങ്ങളായിമാത്രമേ പാടുള്ളു..
പാടാൻ കഴിയാത്തവർക്ക്
പാട്ടുകൾ പറയുവാൻ മാത്രമുള്ളതാണ്..
യേശുദാസിനോളം എന്ന് കരുതുന്നത് തന്നെ
മഹാ അപരാധം തന്നെയാണ്..
ക്ഷീരപഥത്തിൽ നിന്നുത്ഭവിച്ചു
ചെവികൾ വിജൃംഭിക്കുന്ന എന്തും
മൊത്തമായും സ്വീകരിക്കരുത്..
വിജനതയിലെ സ്വപനങ്ങളിൽ
കാടിറങ്ങി വന്യജീവികളും, ഒരുപക്ഷെ
മാലാഖയും ഉണ്ടാകാം..
ഭാഗ്യം എന്നത് ദേഹത്തു പൊതിഞ്ഞു
വെച്ചിട്ടുള്ള അനുഗ്രഹമാണ്
വെളിച്ചത്തിന്റെ പൂത്തുമ്പികൾ
തലയ്ക്കുമുകളിൽ ഊഞ്ഞാലാടുന്ന
നേരംവരെയാണ് വിവശതയുടെ ആയുസ്സ്!
സടകുടഞ്ഞേണീറ്റ് കൊട്ടിപ്പാടുന്ന
ഒരുവസന്തം ഒട്ടിയിരുന്നു കൊഞ്ചുന്ന
നേരത്ത്തന്നെയാണ്
യൗവനയാനം അടുത്തു കൊണ്ടിരിക്കുക
തെളിഞ്ഞ നീലപ്രകാശത്തിൽ
പകൽ തീരുമ്പോൾ ആസ്വദിച്ചു തീരാതെ
ദ്യുതിമാഞ്ഞ ജീവിതതോണി
കടലിൽ തനിച്ച് ആയിരിക്കും!
ശൂന്യമാകുന്ന ശ്മശാനമൂകത അപ്പോൾ
വരിഞ്ഞുമുറുക്കും,
ഭയപ്പെടുത്താൻ
ഇരുട്ടിൻ്റെ രക്ഷസുകൾക്ക്
ആകാത്തവിതം മരിച്ചവൻ്റെ ഉറക്കം!
അത് മനസ്സിലാക്കിക്കൊണ്ട്തന്നെ വേണം
ജീവിച്ചിരിക്കുന്നവരുടെ
ശ്മശാന മൂകതയിലൂടെയുള്ള ഉലാത്തൽ !

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...