Saturday 9 March 2013

നിര്‍ബന്ധം അവള്‍ക്കായിരുന്നു


അഷ്‌റഫ്‌ കാളത്തോട് (കവിത)

കൃത്യമായി ദിക്കിനനുസരിച്ച്‌ വേണം
ഗൃഹം വെക്കാന്‍.
മഹാദിക്കുകള്‍ മഹാകഷ്ടങ്ങള്‍ നീക്കുമെന്നും
ധാരാളം സൂര്യവെളിച്ചവും കാറ്റും
ഐശ്വര്യം പ്രധാനം ചെയ്യുമെന്നും
തെക്കുവടക്കും കിഴക്കും പടിഞ്ഞാറും
കോണ്‍ തിരിഞ്ഞുവരരുത്‌ വീടിനെന്നും
നിര്‍ബന്ധം അവള്‍ക്കായിരുന്നു.
"പടിഞ്ഞാറുനിന്ന്‌ കിഴക്കോട്ട്‌ ഭൂമി
തിരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍
ഈ ഗമനത്തിനനുസൃതമായി
വീട്‌ വെച്ചാല്‍ കൂടുതല്‍ സുഖപ്രദമാകും"
വാസ്തു ശാസ്ത്ര വിദ്യാര്‍ത്ഥിയായ
അവള്‍ ഓര്‍മിപ്പിച്ചു.
ഉത്തരായനം, ദക്ഷിണായനം
രണ്ടിലേതെങ്കിലും ആകണമെന്ന്
കുറ്റിയടിക്കാരന് നിര്‍ബന്ധം,
വിപരീത ദിശ, വിപരീതമായി
പിരിച്ചിരിക്കുമെന്നും
ഭയം ചിതറുന്ന താക്കീത്...
"ലാന്റെസ്കേപ്പ് എല്ലാം കൊണ്ടും
ഉത്തമമാണെന്ന് അവള്‍ക്കു ബോധ്യം
കിഴക്ക്‌ വശം താഴ്‌ന്ന്
വടക്കോട്ട്‌ ചെരിവും
വളരെ ഉത്തമമാണ്‌ എന്ന് അന്നേ
ബ്രോക്കര്‍ രാവുണ്ണി .
സപ്‌തര്‍ഷികള്‍ സുലഭമായി
വീട്ടിലേക്കു മിഴിതുറന്നു
കാവലായിക്കോളും
മാത്രമല്ല കിഴക്കോട്ടും
വടക്കോട്ടും നീരൊഴുക്കുണ്ട്,
പറഞ്ഞതനുസരിച്ച് പണിക്കാരന്‍
കോരിയ മണ്ണ്‌
വീണ്ടും അതേകുഴിയില്‍ നിക്ഷേപിച്ചു,
ഇനിയും ഒരു കുഴിമൂടാന്‍ മാത്രം
മണ്ണ്‌ ബാക്കി!
ഒന്നും നോക്കാനില്ലെന്നു കര്‍മ്മി,
പടിഞ്ഞാറ്‌ നിന്ന്‌
കിഴക്കോട്ടൊഴുകുന്ന
നദിയുടെ തെക്ക്‌ വശത്തായി
ഉത്തമമായ വീടിനു കുറ്റിയായി!
“ഗൃഹം നിര്‍മ്മിക്കുമ്പോള്‍
ഗൃഹത്തിനടിയില്‍ എല്ലുപെടാന്‍ പാടില്ല.
ശ്‌മശാനദോഷമുള്ള ഭൂമിയാണോ
എന്ന് പരിശോധിക്കണം”
അതുകേട്ട് ഒരു വേവലാതി.
സ്വതവേ ഭൂത പ്രേത പിശാചുക്കള്‍
സാധാരണയായി
ഉറക്കം കെടുത്താറുള്ളതുമാണ്,
അഥവ ഉണ്ടെങ്കില്‍ ഇനി ഖനനാദിശുദ്ധി,
അത്ഭുതശാന്തി, പുണ്യാഹം,
വാസ്‌തുബലി, നവധാന്യം വിതയ്‌ക്കല്‍
തുടങ്ങിയ പരിഹാരക്രിയകള്‍
നടത്തേണ്ടതുണ്ടെന്നും
പറഞ്ഞു നിര്‍ത്തിയപ്പോള്‍
അതുംകൂടി ആകട്ടെ എന്ന് ആത്മഗതം ,
ഒപ്പം ദേവാലയസാമീപ്യം
ഒരു വിനയാണെന്നും കവടി നിരത്തി
പരിഹാരം നിര്‍ദ്ദേശങ്ങള്‍ ഗണിക്കുന്നതിനിടെ
നെറ്റിയിലെ വിയര്‍പ്പുമണികള്‍
ധീക്ഷയിലേക്ക്....
തോളിലെ തോര്‍ത്തു
തലയിലേക്ക് നീളുകയും കണ്ഠനാളത്തില്‍
ഇടയ്ക്കൊരു ഇടവേളതീര്‍ത്തുകൊണ്ട് കൈ,
അത് ഒപ്പിയെടുക്കുകയും ചെയ്തു.
ദേവാലയ ദര്‍ശനത്തിനുനേരെ വരാതെ
ഗൃഹദര്‍ശനം ശ്രദ്ധിക്കേണ്ടതാണ്‌.
വെളിപാടുപോലെ കര്‍മ്മി
പറഞ്ഞുകൊണ്ടും,
അത് കേട്ടുകൊണ്ടും
ഒരു പകല്‍ തീരുകയാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം
ഭിത്തിയിലെ ചിത്രങ്ങളും
പൂപ്പലുകളും വിള്ളലുകളും
ഘടികാരങ്ങള്‍ മിടിച്ചുകൊണ്ടു രാത്രികളും
പകലുകളും അനേകങ്ങളായി....
അകാലത്തില്‍ തോര്‍ന്ന മഴയുടെ
ഇഴകളില്‍ പെട്ട് കടന്നുവന്ന
മകളുടെ കമിതാവിന്റെ
പ്രേമാഭിമുഖ്യങ്ങള്‍ സമാഹരിച്ച മുറി
അതിസൂക്ഷ്മദര്‍ശിനിയില്‍ മിഴി നിറച്ചുവെച്ച്
കിനാവിന്റെ അടരുകളില്‍
ഭീമവര്‍ഷത്തിലെ കറുത്ത സന്ധ്യകളെ
നിറദീപങ്ങളില്ലാതെ മകള്‍ വരവേറ്റതും
കാമുകന്‍ യോദ്ധാവായി
അതിനെ അഭിമുഖീകരിച്ചതും ആകാശത്തില്‍ നിന്നും
ഉരുണ്ടിറങ്ങിയ ഇടിമിന്നലായി
ഹൃദയത്തില്‍ ആഞ്ഞു പതിച്ചതും
മൗനത്തിന്റെ കൂര്‍ത്ത നൊമ്പരവുമായി
സ്തംഭിച്ചു പോയ മുഖം...!
മഴ അതിന്‍റ പാട്ടിനു പോവുമെന്ന്
വെറുതെ ആശിച്ചു.
ഒരു നെടുവീര്‍പ്പില്‍ ശ്വാസംമുട്ടിക്കൊണ്ട്,
നിശ്ശബ്ദമായി വിങ്ങിക്കരഞ്ഞുകൊണ്ട്
മുറിഞ്ഞ സൂര്യനെപ്പോലെ
അഗ്നിപര്‍വതമായ മതില്‍ക്കെട്ടുകളില്ലാത്ത
യവ്വനത്തിന്റെ പിടയുന്ന നാണങ്ങളിലേക്ക്
കനത്തു കല്ലിച്ച രാത്രി…

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...