Tuesday 15 November 2022

നരകം

 

 നരകം

അഷ്‌റഫ് കാളത്തോട്  

മാർജ്ജാര മൗനം ഭഞ്ജിച്ചു 

കലഹിക്കുന്നതെരുവുകൾ 

കൂർക്കം വലിക്കാതെ ഒടുങ്ങുന്നരാത്രി  

നരകമാണിത് എത്ര മധുരം പനിക്കുന്ന 

ശകുനമാണിത്.. 

ജീവ ശാപമാണ്..  

ഇതിലും പെരുമതുടിക്കുന്ന

ഹിമാലയനരകമിനി നരകത്തിൽ പോലും ഇല്ലാത്തവിധം   

മുഖരിതം അതിന്റെ തീക്ഷ്ണത്തേട്ടങ്ങളാൽ.. 

കണ്ണീരിൽ കുതിർന്നണ്ഡകടാഹങ്ങൾ 

സി സി ടി വിയ്ക്കു പോലും കാണാത്തതെല്ലാം 

ഒപ്പിയെടുക്കുന്ന ആരോ ഒരാൾക്കെന്തെ 

ഈ ചായ്ച്ചുകെട്ടിന്റെ  നരകംമാത്രം 

കാണാൻ കഴിയാത്തൊരന്ധത

വ്യഥകൊണ്ടവർ തുടരും പരിദേവനം 

അതും കേൾക്കാൻ കഴിയാത്തബധിരത  

ആ 

ആരെയാണോ  

എന്നിട്ടും പൂവിട്ടു പൂജിക്കുന്നു 

പൂജാരി 

കാട്ടുവാസി.. 

തിരികൾ തെളിക്കാത്ത നാട്ടു വഴികൾ, 

ചെറ്റപ്പുരകൾ,

അടയാളമില്ലാത്ത പീഡന പർവ്വങ്ങൾ 

അടരാടുവാൻ ത്രാണിയില്ലാത്ത മർത്യനായ് 

മൂകമൊടുങ്ങുന്നവന്യജീവി 

ശ്വാസം നിലയ്ക്കുന്നു

കണ്ഠനാളങ്ങളിൽ വഹ്നിയാളുന്നു   

ക്ഷിതിയുടെ രുദ്ര ഭാവങ്ങളിൽ നിത്യം

അടരുവാനുള്ളതാണീപൂക്കളത്രയും!

നുകരുവാനുള്ളതാണതിലെസുധയത്രയും!

ഭയത്തിന്റെ ഇരുൾ ഗുഹകൾ നാലുചുറ്റിലും 

മതിലായ് പർവ്വതങ്ങൾ വളരുന്നു..

ഭയമില്ല    

മറ്റേതുനരകം വിളിച്ചാലും!

ഭയകോവിലുകളുടെ ഉയരങ്ങളില്ലാതെ 

നിഗൂഢതകളുടെ ഗിരിശ്രിംഗ മേറി ഞാനെത്തും  

ഇടതടവില്ലാതെ പെയ്യുന്ന മഴമേഘ 

മിരുൾകെട്ടി ഘോര തപസ്സിന്റെ കാനന

കലവറ വകഞ്ഞു മാറ്റി

ഉരുകുന്നാത്മാവിന്നഗാധ ഗർത്തങ്ങളിൽ 

കത്തിപ്പടർന്നതാണെന്റെ സ്വപ്നം!

വെന്തു തീരാതെ തീരുന്നതത്രയും 

കരുതാം അതെന്റെ..

എന്റെ കർമ്മയോഗം!

ഹൃത്തിൽ കരഞ്ഞു പാടുന്ന രാപ്പാടി

ഒരു വസന്തത്തിൽ കരച്ചിൽ നിർത്തും  

അതിനെ തുടർന്നെന്റെ 

എന്റെയാകാശത്തിൽ  

മലരുകൾ വിതറുന്ന മാലാഖയെത്തും 

കണ്ണിനു കാണാന്‍ കഴിയാത്ത 

മറയിൽനിന്നുദയമായ് പരമേശ്വരനുമെത്തും 

അലിയുന്ന മനസ്സുകൾ മാത്രമില്ലാത്ത വേദനകൾ  

ഒന്നാശ്വസിപ്പിക്കുവാനാരുമില്ലാത്ത 

ദണ്ണത്തിന്നറുതിയാകും 

തലമുകളിൽ ചെളിവാരിയെറിയുന്ന 

ചൊറിഞ്ഞുപൊട്ടിക്കുന്ന

വേദനകളുടെ കുരുപ്പായ അയൽപക്ക ദുഷ്ടതകൾ 

അതിനെ അഗ്നി മലകൾ തിന്നുതീർക്കും  

അതിനായിട്ടാരോ ഇരുട്ടിന്റെ മറയിൽ മറഞ്ഞിരിപ്പുണ്ട്  

അവൻ വന്നു പാണികളിൽ പണിയായുധം നൽകും 

ചുണ്ടുകളിൽ ഇങ്കുലാബെഴുതും    

അശക്തംക്ഷയിച്ചരസനയിൽ 

അടരാടുവാനുള്ള തീപ്പന്തം നൽകും 

പ്രാണവായുവിൽ ചാമുണ്ഡികുത്തികേറും 

ശക്തിയുടെ ഖഡ്‌ഗം പതിക്കും    

തീപ്പന്തമാകേണ്ട മുഷ്ഠിക്കരുത്തിന്റെ മുനയിൽ 

ശൂലങ്ങൾ കൊണ്ട് താണ്ഡവമാടും 

അപ്പോൾ 

അപ്പോള്മാത്രം ചണ്ഡാലരിൽ 

പീഡിതരുടെ മേളങ്ങളുടെ  

സർവ്വഘോഷങ്ങളറിയും   

അവരറിയും  

അവരുടെ കരുത്തെന്തെന്ന്!   

അവരുടെ കാലുകളിൽ കോമരമുറയും   

കണ്ണുകളിൽ വിപ്ലവ തീപടരും

ദിക്കുകൾപ്രകമ്പനം കൊള്ളിക്കും   

തീനാളം കൊണ്ടു ചുണ്ടുകളിൽ 

സിംഹ ഗർജ്ജനം ചുവക്കും 

നാവിൽ വാക്കിന്റെവാളുണരും  

പൊയ് വഴി കാണാ ചൂട്ടു തരാം

ഞാന്‍ പുതുമൊഴി ഒഴുകും പാട്ട് തരാം

നന്മകള്‍ പൂത്ത മണം ചൊരിയാം

നേര്‍ വെണ്മകള്‍ കൊണ്ട് പുതച്ചു തരാം

കൊത്തികീറുക വേടന്‍മാരുടെ

കത്തിപടരും ക്രൂരതയെ

ചങ്ങല നീറ്റുക നീയിനി വീണ്ടും

മംഗലമുണരും കാടണയും

തിങ്കള്‍ തളിരൊളി എന്തിലും ഒന്നായ്

തങ്കം ചാര്‍ത്തും പൂങ്കാവ്

തുള്ളി കാറ്റിനു നൂറു കുടം കുളിര്‍

തള്ളി നിറയ്ക്കും തേനരുവി

തളിരില വിടരും പൂംചിറക്

തളരാ മനസിന്‌ നേരഴക്

വേടന്‍മാരെ എരിക്കും കണ്ണില്‍

വേവും മനസിന്‌ നീരുറവ്


No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...