Monday 7 November 2022



കക്ഷത്തെകുപ്പി
അഷറഫ് കാളത്തോട്

ഗോപാലേട്ടന്റെ കക്ഷത്തെ കുപ്പി
ഇറക്കി വെയ്ക്കുന്നതും നോക്കി
വെള്ളമിറക്കുകയാണ് മീനാക്ഷി..
തിരുതയുടെ തഴമ്പുവന്ന കയ്യിലെ വിരുതുണർന്ന കൈതോലയുടെ പായയിൽ നീണ്ടുനിവരുന്നതിനിടയിൽ
മുറുക്കാൻ കറകേറിയ
പല്ലുമുഴുവൻ പുറത്തയ്ക്ക് കാണിച്ചു തിരുത ചിരിച്ചു..
ആകാശത്തിലെ കാരിരിമ്പിൻ്റെ കരുത്തുള്ളമേഘമേനിയിലേക്കു
ചന്ദ്രൻ ഞൊറിഞ്ഞു കയറി പുല്കുന്നതുപോലെ
ഗോപാലേട്ടൻ നീണ്ടുനിവർന്നു,
അതിനിടയിൽ കൈതോല പായപോലെമെടഞ്ഞ ഗോപാലേട്ടന്റെ നെഞ്ചിൽ
തിരുതയുടെ പയ്യാരം തുളുമ്പി..
അങ്ങനെയങ്ങനെ ആകാശം കറുത്തും, വെളുത്തും അറുപതു കള്ളകർക്കിടകവും,
ഇടവപ്പാതിയും കടലിനോടും തെരുവിനോടും
കയർത്തും, വിയർത്തും, സോറപറഞ്ഞും തിരുവാതിര കളിച്ചും കടന്നുപോയി..
വെള്ളമടിച്ചാൽ ഗോപാലേട്ടന്റെ റേഞ്ചുമാറും
തിരുതയുടെ ചിരിക്കു മാത്രമേ അതുപിടിച്ചുകെട്ടാനാകു..
ത്രിപുര സുന്ദരിയായ മീനാക്ഷിയുടെ ക്ലാവ് പിടിച്ച വിസ്‌മൃതിയിൽ ആ എപ്പിസോഡുകൾ മിന്നിമറഞ്ഞു..
ചാരായത്തിൽ വെന്തുപോയ ഗോപാലേട്ടന്റെ ചുണ്ടുകൾ തിരുതയ്ക്കു നെയ്മീൻപോലെയാകുന്നതും
ആ കറുത്ത ചുണ്ടുകൾ അവളെ ഉറക്കംകെടുത്തിയിരുന്നതും
അതിൽ നിന്നുതന്നെ മലവെള്ളം പോലെ തെറിമലം കുതിച്ചു ചാടുന്നതും അവൾ ഓർത്തു..
രാപ്പാടികൾ കൂർക്കം വലിച്ചുറങ്ങുന്ന പാതിരകളിൽ
കരിമേഘങ്ങളെ, പ്രണയ പാരാവശ്യത്തോടെ കെട്ടിപ്പിടിച്ചുകൊണ്ടാണ്
സൂര്യചൂടിന്റെ അത്യുഷ്ണങ്ങൾ ഗോപാലേട്ടൻ തീർത്തിരുന്നത്‌..
ആ മൂര്ധന്യ വേളയിലായാണ്, അപ്‌സരസ്സിന്റെ പുത്രിയായ മീനാക്ഷിയെ ഒരു നോക്ക് നോക്കാതെയുള്ള
ഗോപാലേട്ടന്റെ മൃഗയാലോലുപമായ ദുഷ്യന്ത വിനോദം!
തപസ്സുണർത്തിയ മീനാക്ഷിക്കുനേരെ കക്ഷത്ത് നിന്നിറക്കിയ
കുപ്പിയെറിഞ്ഞു അരിശം തീർത്തു,
പോരാഞ്ഞു തിരുതയുടെവക
സാക്ഷാൽ ഭരണിപ്പാട്ടും..
അതൊന്നും ഒരു പ്രശ്‌നമേ അല്ലെന്നമട്ടിൽ മീനാക്ഷിയുടെ
തപസ്സുണർത്തുന്ന നടനം ആവർത്തിച്ചുകൊണ്ടേയിരുന്നു..
■■■■■■■■■■■■■■■■■■■


No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...