Sunday 13 November 2022

 


കാളിയ മർദ്ദനം

അഷ്‌റഫ് കാളത്തോട്  


മക്കളെ,

നാം ഇന്ന് മാറുന്ന ക്ഷിതിയിലാണിപ്പോൾ 

സ്വപനമാകുന്ന ജന്മഗേഹങ്ങളുടെ 

നടുവിൽ നാം വീർപ്പുമുട്ടി തീരേണ്ടവർ 

നാം പഠിച്ച പാഠങ്ങളെല്ലാം മറന്നേക്കുക  

ഇവിടെ നാം മാറുന്ന ജന്മനാട്ടിൽ 

വെറും കാട്ടുമൃഗങ്ങളായ്  കഴിയേണ്ടവർ?

ദുരിതം പേറി അലയേണ്ടവർ?

ഇരുട്ടിലെ കോലങ്ങൾ കൊട്ടിയാടിക്കൊണ്ട് 

കഴകങ്ങൾ എത്തുകയായി 

ഇനി നമ്മളീ ഭീതിയുടെ കിളിമാസ് കളിയിലാണ്‌..

അവർ കെട്ടുന്ന കള്ളികൾ 

കളങ്ങളുടെ രാജാധികാരങ്ങളിൽ 

നമ്മളന്യരാക്കപ്പെടുകയാണ്

പൂർവികർ ചെയ്യാത്ത പാതകങ്ങൾ 

കെട്ടിവെയ്ക്കുന്ന ശിരസുകൾ 

അറിയാതെ 

പേറുമാപാതകങ്ങൾ 

അതോ ചെയ്തു പോയെങ്കിലത്  

തലമുറകൾ തലമുറകൾ 

ഏറ്റെടുക്കേണ്ട 

പരിഹാരമില്ലാത്ത ശാപമാണോ?

തെരുവ് നായയുടെ സൗഭാഗ്യം പോലും 

നിഷേധിച്ചു 

പാലരുവിയൊഴുകാത്ത 

കാട്ടുതുളസിപൂക്കാത്ത 

സൂര്യന് പോലും പ്രവേശനം നിഷേധിച്ച 

കാരാഗൃഹത്തിൽ വാസിയാകാൻ..

പിന്നെയോ 

കാതങ്ങളലഞ്ഞുതിരിഞ്ഞു നടക്കേണ്ട 

പുറം നാട്ടിലെവിടെയോ 

നാട്ടുതെണ്ടിയായ് മാറേണ്ട

നൊന്തുപെറ്റമ്മയ്ക്കു വേണ്ടാത്ത മക്കളായ് 

പോറ്റമ്മയാരാകുമെന്നറിയാതെ 

അറിയാത്ത നാടുകളിൽ അലയേണ്ടവർ 

കേൾക്കാത്ത ഭാഷയിൽ വ്യവഹാരം നടത്തേണ്ടവർ  

അറിയാത്തപലതും അറിയേണ്ടവർ 

ഇനിമുതൽ പുതിയ പാഠങ്ങൾ തുടങ്ങേണ്ടവർ 

ചാട്ടുളികളേറ്റു കരുവാളിച്ചദേഹത്തു 

ഉപ്പുരച്ചു രസിക്കുന്ന ക്രൂരതയുടെ 

കാലുപിടിച്ചു  യാചിക്കേണ്ടവർ?  

കാരിരുമ്പാണി തുളയ്ക്കുന്ന നോട്ടത്തിൽ 

അമ്മയുടെ, പെണ്ണിന്റെ, പെങ്ങളുടെ, മോളുടെ 

മാനത്തിൽ മന്ത്രം ജപിച്ചും 

ആചാര പൂജകളിലടിവസ്ത്രമുരിഞ്ഞും  

മണൽകാട്ടിലൊറ്റയ്ക്കു വളരുന്ന 

മരത്തിൽ പതിക്കുന്ന കൊടുങ്കാറ്റു പോലെ..

വരമ്പത്തും പാടത്തും പൂക്കാത്ത 

പൂച്ചെടികളെ   വലിച്ചു നാറ്റിച്ചും

അവരുടെ നാണത്തിൽ മാനത്തിൽ 

കണ്ണുകൾ കേറി കോറി  

കപട സ്നേഹത്തിന്റെ കപടി കളിച്ചും

ഒഴിഞ്ഞുപോകുന്ന മാളങ്ങൾ 

പിടിച്ചെടുത്തിഴയുന്ന  

രജവെമ്പാലയുടെ

ഫണത്തിൽ വിഷത്തിൽ 

നീലച്ച കാർമേഘമായും   

ഒടുവിൽ തീർക്കേണ്ട കാരാഗൃഹത്തിൽ 

ഒരു കൊടുമുടി വേദനകൾ കൊണ്ടും 

തീരുന്നു സ്വപനങ്ങൾ 

തീർക്കുന്നു കരുതലുകൾ 

തടയിടാനാകാത്ത പ്രാർത്ഥനകളെ ശപിച്ചും 

ഒടുവിൽ വിജയത്തിൽ തിമിർത്താടും 

മഴയുടെ ഗളത്തിൽ ചവിട്ടുവാൻ 

ത്രാണിയറ്റും  

എന്നിട്ടും കൈവിടാത്ത  

മോക്ഷ വിശ്വാസങ്ങൾ മാത്രം!

ക്ഷിതിയുടെ ഗർഭം പിളർന്നു 

പൊക്കിൾക്കൊടി ബന്ധം മറന്നും 

ചിലർ ഓങ്ങുന്നു വാളുകൾ 

അസ്ത്ര  മുനകളേറ്റു പിടയുന്ന 

മാൻപേടയാകുവാൻ മാത്രമാണോ 

ഈ ഭൂതലത്തിലേ

വറചട്ടിയിൽ 

എണ്ണയിൽ മൊരിയുന്ന പലഹാരമാകേണ്ടവരാണോ? 

ദൈവമേ നീ തള്ളിവിട്ടല്ലോ 

നീ ചതിച്ചല്ലോ 

എന്ന് ഉച്ചത്തിൽ പരിതപിച്ചും 

കനിവിന്റെ സൗരയൂഥത്തിലെവിടെങ്കിലും 

ഒരു സൂര്യ രശ്മിയുടെ ഉദയം പ്രതീക്ഷിച്ചും 

ഒരു കൂന കെട്ടി  ജീവിതം തീർക്കുവാൻ

കൊതിച്ചിട്ടു തിരയുന്നു 

മനുഷ്യസ്‌നേഹത്തിന്റെ 

തിരിതെളിച്ചെത്തുന്നൊരർക്കനേ അവിടെയെങ്ങും  

ഗോരോചനം കഴിച്ചൊരുനൂലിൽ 

താളമിട്ടൊടുക്കുവാൻ വ്യഗ്രതയിലലയും

നായ്കളൂടെ വന്യ തീക്ഷ്ണ ക്ഷൗര്യം 

തീർക്കുന്ന പാണന്റെ 

പാണീ ബാണ വേഗത്തിലോടുന്ന 

ചെണ്ടയാക്കല്ലേ! 

മേനികളെ നായാടി 

ജീവച്ഛവംപോലെ തെരുവിൽ 

കിടന്നു ഗതി തീരുന്ന 

ചെറു പ്രാണിയുടെ ജീവിത ഗതിയാക്കല്ലേ 

ഉള്ളുരുകി പെയ്യുന്ന കാർമേഘമത്രയും      

വഴികളിലെറുമ്പിന്റെ പ്രാണവിലാപവേഗങ്ങളിൽ 

നിറനിരകളായ് പെരുകുന്നു പ്രതികാരം

ഒടുവിലീ പീഡിതരുടെ ക്ഷീണം പതിക്കുന്ന 

നീളൻ കുരിശിൽ നിണനദികളുരുകുമ്പോൾ

കദംബമരം പോലെ ശാപമോക്ഷത്തിൽ 

വളരുമെന്നോ? 

മുൾക്കിരീടം ചുമന്നെത്തുന്നതാരോ    

കാളിയ ഫണങ്ങളിൽ തീരാത്ത കണ്ണന്റെ 

കളികണ്ടു വർഷിച്ച മലർ മഴയിൽ 

യക്ഷഗന്ധര്‍വ്വന്മാര്‍ പാടുന്ന രാഗങ്ങളിൽ 

തീരുന്ന വാവുബലി പോലെ 

അഷ്ടനാഗങ്ങളുടെ മർദ്ദകൻ 

ഈ വഴി എത്തുമെന്നുള്ള പ്രത്യാശവെയ്ക്കാം.. 

കദ്രുവിൻ പന്തയപകയായ വിനതയുടെ

മക്കളായ് മാറുന്ന നമ്മളുടെ അരികിൽ 

കാളിയ മർദ്ദകൻ വന്നെത്തും   

കദ്രുവിൻ ദാസ്യത്തിലൊടുങ്ങേണ്ട  

നമ്മളുടെ പരമ്പര 

എന്ന അശരീരകൾ 

ആകാശ പ്രകമ്പനമാകും!

No comments:

Post a Comment

Featured post

പ്രണയം

പതിക്കാൻ റേഷൻ കാർഡില്ലാത്ത  ഒരുത്തന്റെ തലയിലാണ് പ്രണയം പതിച്ചത്  കണ്ട ചുവരുകളിൽ സിനിമ പോസ്റ്റ് പതിക്കുമ്പോലെ അവൾ  കാണുന്ന ഹൃദയങ്ങളിലെല്ലാം  ...