Wednesday, 9 November 2022

 രണ്ടുംകെട്ട പെയ്ത്


അഷറഫ് കാളത്തോട് https://www.facebook.com/kalathode/

സൂര്യപ്രകാശം കടക്കാത്തമുറിയിൽ 

വേശ്യ തനിച്ചായിരുന്നു! 

അവളുടെ കണ്ണുകൾ 

വിദൂരതയിൽ ലക്ഷ്യങ്ങളിലേക്കു 

പോയികൊണ്ടിരിക്കുന്ന 

ജനക്കൂട്ടത്തിൽ മേയുകയായിരുന്നു,

അതിനിടയിൽ അവൾ ഞെട്ടിതിരിഞ്ഞത് 

അരികിൽ ആരോ വന്നപ്പോഴായിരുന്നു, 

വാതിൽ തുറന്ന് മന്ദസ്മിതം

അവളുടെ ദേഹത്തേയ്ക്ക് കോരിയിട്ട 

കൽക്കരിയിൽ തീവണ്ടി മുരണ്ടു  

സിഗ്നൽ കിട്ടിയതും ചീറിപ്പാഞ്ഞു 

ഓടുന്നതിനിടയ്ക്കു 

പാത ക്രോസ്സ് ചെയ്യുവാനുള്ള തിരക്ക്... 

പാളം, 

കാൽനടക്കാർ

ആവശ്യക്കാർ കൂടിവരുന്നതിന്റെ കാൽപ്പെരുമാറ്റം, 

കോണിപ്പടികൾക്കു വിശ്രമമില്ലാത്ത നിമിഷങ്ങൾ, 

വാതിൽക്കൽ ചെരുപ്പുകളുടെ എണ്ണം കൂടിവരുന്നുണ്ട്, 

ആരും അക്ഷമരാകരുത് എന്ന അറിയിപ്പിൽ  

ശബ്ദമുഖരിതമായ വിശ്രമമുറി..

എല്ലാരേയും സ്വീകരിച്ചതിനു ശേഷം മാത്രമേ 

ഈ പടിയടയ്ക്കു എന്ന സമാശ്വാസം,

ഇരുട്ടത്ത്,

വെള്ളത്തിൽ മുങ്ങിയദേഹം 

ചിലരുടെ കാലുകൾ പാമ്പും തവളയുമായി  

ഭൂമിയെ പരിഹസിക്കുന്നു.. 

ഉടുതുണി മാറിയ ദേഹമുരഞ്ഞു 

ഇക്കിളി കൊണ്ട് കട്ടിൽ പുളഞ്ഞു 

പുറത്തെ മഴയിൽ കുളിച്ചുനിന്ന

പൂക്കൾ നോക്കി ആകാശത്തെ ചന്ദ്രൻ കണ്ണിറുക്കി, 

അതൊക്കെ ഒരു കാലമായിരുന്നു എന്ന് 

ആളൊഴിഞ്ഞ കട്ടിലിലിരുന്നു വേശ്യ 

ആത്മഗതം ചെയ്തു! 

വഴിനീളെ നാട്ടിയിട്ടുള്ള 

സി സി ടി വി കണ്ണുകളാണല്ലോ

ഇതിനൊക്കെ കാരണം  

എന്നവൾ   

മുന്നിൽ നിൽക്കുന്ന കാമറനോക്കി

ഉപഭോക്താവില്ലാത്ത ലോകത്ത് ജീവിതം 

ദുസ്സഹമാക്കുന്ന വേദന 

വേശ്യയുടെ കണ്ണുകൾ 

മഴമേഘങ്ങൾ കൊണ്ട് മൂടി 

പിന്നീട് ഇടപ്പാതിയും കള്ളക്കർക്കിടവും 

ചേർന്ന് രണ്ടും കെട്ട പെയ്ത്തായിരുന്നു. 

മുട്ടകൾ പോലും കടക്കാൻ പേടിക്കുന്ന മുറിയിൽ 

ഇപ്പോൾ അവൾ തനിച്ചാകുകയാണ്..   

ഇരുട്ടിനുപോലും കൂട്ടുകാരില്ലാത്ത 

മിന്നൽവെട്ടത്തിൽ,

നിഴലിനുപോലും ഭയംതോന്നുന്ന 

വഴികളിൽ 

അവളെ മാത്രം അവൾ തെളിഞ്ഞു കണ്ടു.

വിശപ്പിന്റെ കോമ്പല്ലുകൾ 

നാലുപാടും 

കിതപ്പുകൾക്കിടയിലൂടെ

ഒരു 

ഒരേ ഒരു ഉപഭോക്താവിനുവേണ്ടി 

വേശ്യയുടെ 

കൊതി പാതകൾ അറിഞ്ഞു..

Tuesday, 8 November 2022



ശത്രു എല്ലാകാലത്തും ശത്രു???

അഷ്‌റഫ് കാളത്തോട്

ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയാണ്
കാട്ടിൽ നടക്കുന്ന ഓരോ കൊലയും,
നേരെമറിച്ച് നാട്ടിൽ നടക്കുന്ന കൊലകളിൽ അധികവും
എന്ത് വിശ്വസിച്ചു എങ്ങനെ വിശ്വസിച്ചു
എന്തിനു വിശ്വസിച്ചു എന്നതിനെ ചൊല്ലിയാണ്!
എന്നിട്ടും വിശ്വാസത്തിനു കോട്ടമോ
പതനമോ ഉണ്ടാകുന്നില്ല..
കൊലകളും കൊള്ളിവെപ്പുകളും
പരിഹാരവുമാകുന്നില്ല..
ലോകത്ത് ഒരുപാട് കഷ്ടപ്പെടുന്നവരുണ്ട്,
ജീർണിച്ചു വീഴാറായ അമ്പലങ്ങളും,
പള്ളികളും, ചർച്ച്കളും ഉണ്ട്.
ആ ദേവാലയങ്ങൾ പുനരുദ്ധരിക്കുന്നതിനെകുറിച്ചോ
അവിടെ വസിക്കുന്നവരുടെ കഷ്ടപ്പാടുകളെ കുറിച്ചോ
ആർക്കും വേവലാതിയില്ല!
വിശ്വാസം എന്തുമാകട്ടെ,
ദൈവീക ഭവനങ്ങൾ
ശാന്തിയുടെ പിശാഗോപുരങ്ങളാണ്!
അവിടെ സമാധാനത്തിന്റെ
മാലാഖാമാരാണ് ഉള്ളത്.
ദിനം പ്രതി ഉയരുന്ന
അവശ്യവസ്തുക്കളുടെ വിലക്കയറ്റവും
തൊഴിലില്ലായ്മയും, നമുക്ക് മുൻപിൽ
ചുടല നൃത്തം ചെയ്യുന്നുണ്ട്.
ദാരിദ്ര്യം ഉയർന്നുയർന്നു
നേപ്പാളിനെ കടത്തിവെട്ടുമ്പോഴും
നമുക്ക് വേണ്ടത് പ്രതിമകളാണ്.
ദാരിദ്ര്യം തൂത്തു മാറ്റിയതിനു ശേഷം,
തൊഴിലില്ലായ്മ പരിഹരിച്ചതിനു ശേഷം
പ്രതിമകൾ നിർമ്മിക്കട്ടെ!
മോശം ആളുകളുടെ അക്രമം കൊണ്ടല്ല,
നല്ല ആളുകളെ നിശബ്ദമാക്കുന്ന ഭീകരത
കൊണ്ട് തന്നെയാണ് ഇനിയും നമ്മുടെ
ഭൂതകാലത്തെ മാറ്റാൻ കഴിയാതെ പോകുന്നത്!
യാഥാർത്ഥ്യത്തെ നിർവചിക്കുന്നതിലേക്ക്
അഭിപ്രായങ്ങൾക്കു ഉയരാൻ കഴിയുന്നില്ല
എന്നതാണ് സമകാലീന സത്യമായി മാറുന്നത്.
മരണത്തിനു ശേഷം നമ്മൾ എങ്ങനെ ആകും
എന്ന ആകുലതയെക്കാളും മരണത്തിനു മുൻപ്
എങ്ങനെ ആകണം എന്ന വിചാരങ്ങളാണ് എരിയേണ്ടത്!
ജീവിതത്തിൽ കഷ്ടപ്പാടുകൾ അനുഭവിക്കാത്ത
ഒരു വ്യക്തിയും ഈ ലോകത്ത് ഉണ്ടാകില്ല.
അതിനാൽ, കഷ്ടപ്പാടുകൾ ഒരു പാഠം പഠിപ്പിക്കുന്ന
അനുഭവമായി നാം കാണേണ്ടതുണ്ട്.
വലിയ കഷ്ടപ്പാടായി തോന്നുന്നതാണ്
ചിലർക്ക് നിസ്സാരമാകുന്നത്..
തിന്മയുടെ മാറ്റിനനുസരിച്ചല്ല ദുരിതം അളക്കേണ്ടത്,
അനുഭവിക്കുന്നവന്റെ രോഷത്തിൽ നിന്നാണ്.
അതിനെയാണ് പലപ്പോഴും ഭീകരമെന്നും
ഭീതിതമെന്നും വ്യാഖ്യാനിക്കുന്നത്..
ഏത് സാഹചര്യത്തെയും നേരിടാൻ
കൂടുതൽ ധൈര്യവും ദൃഢനിശ്ചയവും
പീഡിതർ നേടുന്നതിനെ ഭയപ്പെടുന്ന
നാസിസവും ഫാഷിസവും ചാവുകടലിലേക്ക് ഒഴുകിപ്പോയ
ചരിത്രങ്ങളാണ്‌ എപ്പോഴും പീഡിതർക്കുള്ള ഊർജ്ജം!
ക്ഷമയും സ്ഥിരോത്സാഹവും
അവർ പരിശീലിക്കുന്നത് വിധി ഏൽപ്പിക്കുന്ന
കഷ്ടപ്പാടുകൾ നീക്കുവാൻ വേണ്ടിത്തന്നെയാണ്.
അപ്പോഴും സമാധാനത്തെ അവർ സ്വപ്നം കാണുന്നുണ്ട്..
നീതി ഉറപ്പാണെങ്കിൽ ഭരിക്കുന്നവന്റെ മതം ആർക്കും പ്രശ്നമാകില്ല!
ജീവനും സ്വത്തിനും പരിരക്ഷ ഉറപ്പാണെങ്കിൽ
പ്രാർത്ഥനാലയങ്ങൾ സംരക്ഷിക്കപെടുന്നുണ്ടെങ്കിൽ
മതഭ്രാന്തിന്റെ നാട്ടിൽ ജീവിക്കുന്നതിൽ എന്തിനു ഭയക്കണം!
ആർക്കും എല്ലാവരും എല്ലാകാലത്തും ശത്രു ആയിരിക്കണമെന്നില്ല..
"അയ്യോ എല്ലാം പോയല്ലോ" എന്നു വിധിയെ കുറ്റപ്പെടുത്തുകയുമില്ല..
പോയത് തിരിച്ചുപിടിക്കാനുള്ള കഠിന പ്രവർത്തനത്തിലാണ് മുഴുകുക..
അത് തന്നെയാണ് മുസോളിനിയടക്കമുള്ളവരുടെ
പതനത്തിനു കാരണമായതും!
ഇതെല്ലാം ചില പൊതു നിരീക്ഷണങ്ങൾ മാത്രമാണ്‌.
കാഴ്ച്ചയിൽ നിന്നും തെന്നി മാറി വളരെ ദൂരെ,
ഊഞ്ഞാലാടുന്ന വീണ്ടും കാഴ്ചയിലേക്ക് തിരിച്ചെത്തുന്ന
ആ എന്തോ ഒന്ന് തന്നെയാണ് നമ്മളെ അലട്ടുന്നത്..
ദൈവത്തിൻ്റെ ദുരൂഹതയെ കുറിച്ചല്ലായിരുന്നു
മനുഷ്യൻ്റെ ദുരിതങ്ങളിലായിരുന്നു ബുദ്ധന്റെ വേവലാതികൾ
പന്നി മാംസം വിശിഷ്ടമാകുന്നവർ അത് ഭക്ഷിക്കട്ടെ!
കള്ളിൽ അനുഗ്രഹം കാണുന്നവർക്കു വേണ്ടി
സർക്കാർ പാർലറുകൾ ഉയരട്ടെ!
ജീവിതത്തിൽ ജാഗ്രത പാലിക്കുന്നവർക്കു അതൊന്നും
ഒരു പ്രശ്നമാകുകയില്ല..
എങ്കിൽ പിന്നെ ശത്രുക്കൾ
എല്ലാകാലത്തും ശത്രുക്കളായിരിക്കില്ല!

https://www.youtube.com/watch?v=wkDT4FhACsI

MANALBHOOMI BEST UPCOMING MOVIE TRAILERS 2019

https://www.indiansinkuwait.com/news/Trailer-of-Malayalam-movie-%E2%80%98Manalbhoomi%E2%80%99-released




ഗ്രഹണം

അഷ്‌റഫ് കാളത്തോട്
░=░=░=░=░=░=░=░=░=░=░=░=░
സമയനേത്രം ഇനിയും കറങ്ങുന്നില്ല
ശബ്ദങ്ങളുടെ ചിട്ടയില്ലായ്മയിൽ
ചെവി ഏങ്കോണിച്ച് പോകുന്നു
ഇത്തിരി വക്രിച്ച്എന്നാൽ
മുഴുപ്പ് കൂടിയും കുറഞ്ഞും
കാഴ്ചയുടെ
ദൂരങ്ങളുടെ
പകലുകൾ ഇരുളുകയാണ്
കണ്ണുകളിൽ ഇക്ലിപ്സ്
പല്ലിന്റെ പാരുഷ്യം കഠിനമാണ്
അതിനിടയിൽ
കാറ്റിന്റെ സംഗീതത്തെ
സൂര്യന്റെ വെളിച്ചത്തെ
ആരോ മോഷ്ടിച്ചു കൊണ്ടുപോയി!
ഇരുട്ടിൽ തപ്പുവാനാണ് അതിന്റെ യോഗം എന്നും
പറഞ്ഞു മടക്കിക്കുത്തി തിരിഞ്ഞു നടക്കാം..
കാലം ശീലിപ്പിക്കുന്നതാണ് ഇതൊക്കെ..
കരകളിൽ വിഷനായ്ക്കൾ അലയുകയാണ്..
മൂര്ച്ചയുള്ള പല്ലുകൾ മരങ്ങളിലേക്ക്
അരം പോലെ അടുക്കുകയാണ്..
പാഞ്ഞടുക്കുന്ന അരൂപികളുടെ ഛേദതലരൂപം!
വെറുപ്പിന്റെ രക്ഷസുകളാണ്
എവിടെയും
തീർക്കുവാൻ വേണ്ടിതന്നെയാണ്
അടുത്തുകൊണ്ടിരിക്കുന്നതും..
അതിന്റെ സങ്കീർണ്ണതയിൽ ചുറ്റുവട്ടം
ഇനി വാസ്തുവിദ്യയുടെ സൗന്ദര്യം
തീരുവാൻ പോകുകയാണ്..
നിലനിർത്താൻ ആഗ്രഹിക്കുന്നത് വെറുതെ,
അതില്പരം വിഡ്ഢിത്തം വേറെന്ത്?
നിർമ്മലമായ സംഗീതത്തിന്റെ
നിശ്ചലതയ്ക്ക് കൗണ്ട്ഡൗൺ...
ജീവിത സംബന്ധിയായ
എല്ലാആവർത്തനങ്ങളുടെയും വിരാമം!
പുഴയും പുലരിയും ഇരുട്ടിലേക്ക്
മധ്യാഹ്‌നം സായാഹ്‌നം,
രാത്രി, കാറ്റ്, മഴ, ഇരുട്ട്, വെളിച്ചം
അതിന്റെ പ്രാർത്ഥനയിൽ നിലച്ചു പോയ,
താളുകളുടെ ഫുള്സ്റ്റോപ്
താളരഹിതമറിച്ചിലിൽ
അതിനെ തുടർന്ന് എഴുന്നു നില്ക്കുന്ന
മറ്റൊരു മാസ്മരിക ജന്മത്തിലേക്ക്
പ്രകാശത്തിലേക്കുള്ള വാതിലുകളെല്ലാം
അടഞ്ഞുതീരുമ്പോൾ
ജീവിതത്തിന്റെ മറ്റൊരു വാതിൽ
തുറക്കാൻ പോകുന്നു..
നാട്യമില്ലാത്ത വരവേൽപ്പിലേക്കുള്ള
പ്രവേശന കവാടത്തിൽ
പുഞ്ചിരിപ്പൂക്കളുമായി
പുതിയൊരു ശുഭ്ര ജനത
░=░=░=░=░=░=░=░=░

Monday, 7 November 2022

 







സ്വപനംകാണാം
അഷറഫ് കാളത്തോട്

ജീവ വായു തരാതെ നീ നടന്നോ
വീണു മരിക്കുന്നത് ഞങ്ങളല്ലേ..
അതിനു ശേഷമെങ്കിലും
ശാന്തമായി ഉറങ്ങാമല്ലോ?
ഇങ്ങനെ ശ്മശാന്, ശ്മശാന് എന്ന് പുലമ്പി
നേരം വെളുപ്പിക്കണ്ടല്ലോ?
ആവേശഭരിതരാകേണ്ടത്
താങ്ങി നിർത്തുന്നവർ തന്നെയാണല്ലോ?
അവരും കരയേണ്ടവർതന്നെയാണല്ലോ!
അത് ഓർക്കുമ്പോഴാണ് കടലിലെ കൊടുങ്കാറ്റിന്റെ
അഹങ്കാരം തുടങ്ങുന്നത്..
ജീവവായു ഇല്ലെങ്കിലും
കക്കൂസുകളും കബർസ്ഥാനും മതി
എന്ന് തന്നെ കരുതുക
ക്ഷാമമുണ്ടെന്ന്​
കാറ്റേ നീ അറിയാതെ പോകരുത്
അതോ അറിഞ്ഞിട്ടും
കണ്ണടയ്ക്കുന്നതാണോ ആവോ?
നീ ആഞ്ഞൊന്നു വീശിയാൽ പോരെ
ഇലകൾ അനങ്ങാൻ
ഭൂമിക്കു ജീവൻ വെയ്ക്കാൻ
ജീവവായുവിനു തടസം നേരിടാതിരിക്കാൻ
അങ്ങനെ ആയിരുന്നുവെങ്കിൽ
ശ്‌മശാനത്തിലെ ഈ തിരക്ക്
ഒഴിവാക്കാമായിരുന്നല്ലോ..
അല്ലങ്കിലും പറഞ്ഞ വാക്കു പാലിക്കുന്ന
ശീലം നിനക്ക് പണ്ടേ ഇല്ലല്ലോ..
എന്നിട്ടിപ്പോ ജനങ്ങൾക്ക് പറഞ്ഞു ചിരിക്കാൻ
ഒരു പേര്, അലംഭാവം!
ജുഡീഷ്യല് ഓഫീസര്ക്ക് റിപ്പോര്ട്ട് ചെയ്യണംപോലും
കോടതിക്ക് കുതിര കേറാംപോലും
മറച്ചു വെക്കുന്നെന്ന ആക്ഷേപം പറയാംപോലും
മരപ്പറമ്പിലെ കണക്കും, സര്ക്കാര് കണക്കുകളും
ഏങ്കോണിച്ച് ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാംപോലും
വളച്ചും തിരിച്ചും ടി.വിക്കാർക്ക് കഥകൾ ഞൊറിയാംപോലും
ചരിത്രത്തിലേക്ക് തുരപ്പനെ കയറ്റാംപോലും
അപ്രത്യക്ഷമാകുന്ന പൂർവ യാഥാർഥ്യങ്ങളെ
നോക്കി കൊഞ്ഞനം കുത്താംപോലും!
ചിതലരിക്കാത്ത മുഖപുസ്തകൾ
തണല് വിരിക്കുമ്പോൾ
അവിടെ പായവിരിച്ചുറങ്ങാം
ഡൗണ്ലോഡ് സ്വാമികൾക്ക് ശരണം വിളിക്കാം
മാറാവ്യാധിയുടെ സുനാമിക്കു വേണ്ടി
വഴിപാടുകൾ നേരാം..
മരണത്തിന്റെ മഴവില്ലുകൾ
ആകാശത്തിൽ ചിത്രം വരയ്ക്കുന്നത്
സ്വപനം കാണാം.
ആഹാ എന്തൊരു മഹാഭാഗ്യംപോലും!

 


ദ്യുതിമാഞ്ഞയാനം

അഷറഫ് കാളത്തോട്

ഈ യാത്രയിൽ ചില വ്യവസ്ഥകളുണ്ട്,
പുരാണങ്ങളുടെ സാക്ഷ്യവുമുണ്ട്,
ശുഭപര്യവസായിയായിരിക്കില്ല
എന്ന് ഉറപ്പിച്ചു തന്നെആയിരിക്കണം
യാത്രയിൽ കാലെടുത്തു വെയ്‌ക്കേണ്ടതും !
ഇരുട്ടിലൂടെ കുതിക്കുന്ന യാത്രകളിൽ
കടന്നുപോകുന്ന ദൂരങ്ങൾ നഗരങ്ങള് കാഴ്ചകൾ
എല്ലാം ആവർത്തനങ്ങൾ ആയിരിക്കും
കണ്ടുകൊണ്ടിരിക്കുമ്പോൾ
വിരസതയുണ്ടാകും, ചിലപോൾ
കാണുന്നതെല്ലാം വേണമെന്നുള്ള
ബാല്യത്തിന്റെ ചാപല്യങ്ങളിൽ
പെട്ടുപോകാനും മതി,
കൗമാരത്തിന്റെ കൗതുകങ്ങളെല്ലാം
സ്വന്തമാക്കണമെന്നും തോന്നും
അതിന് കടിഞ്ഞാണുണ്ടാകുന്നത്
മുന്നോട്ടുള്ള കുതിപ്പിൽ അത്യാവശ്യമാണ്..
മമ്മൂട്ടിയും,മോഹൻലാലും, ജാക്കിചാണും,
ഭ്രൂസിലിയുമൊക്കെ ആകണമെന്നുള്ളതും
ആഗ്രഹങ്ങളായിമാത്രമേ പാടുള്ളു..
പാടാൻ കഴിയാത്തവർക്ക്
പാട്ടുകൾ പറയുവാൻ മാത്രമുള്ളതാണ്..
യേശുദാസിനോളം എന്ന് കരുതുന്നത് തന്നെ
മഹാ അപരാധം തന്നെയാണ്..
ക്ഷീരപഥത്തിൽ നിന്നുത്ഭവിച്ചു
ചെവികൾ വിജൃംഭിക്കുന്ന എന്തും
മൊത്തമായും സ്വീകരിക്കരുത്..
വിജനതയിലെ സ്വപനങ്ങളിൽ
കാടിറങ്ങി വന്യജീവികളും, ഒരുപക്ഷെ
മാലാഖയും ഉണ്ടാകാം..
ഭാഗ്യം എന്നത് ദേഹത്തു പൊതിഞ്ഞു
വെച്ചിട്ടുള്ള അനുഗ്രഹമാണ്
വെളിച്ചത്തിന്റെ പൂത്തുമ്പികൾ
തലയ്ക്കുമുകളിൽ ഊഞ്ഞാലാടുന്ന
നേരംവരെയാണ് വിവശതയുടെ ആയുസ്സ്!
സടകുടഞ്ഞേണീറ്റ് കൊട്ടിപ്പാടുന്ന
ഒരുവസന്തം ഒട്ടിയിരുന്നു കൊഞ്ചുന്ന
നേരത്ത്തന്നെയാണ്
യൗവനയാനം അടുത്തു കൊണ്ടിരിക്കുക
തെളിഞ്ഞ നീലപ്രകാശത്തിൽ
പകൽ തീരുമ്പോൾ ആസ്വദിച്ചു തീരാതെ
ദ്യുതിമാഞ്ഞ ജീവിതതോണി
കടലിൽ തനിച്ച് ആയിരിക്കും!
ശൂന്യമാകുന്ന ശ്മശാനമൂകത അപ്പോൾ
വരിഞ്ഞുമുറുക്കും,
ഭയപ്പെടുത്താൻ
ഇരുട്ടിൻ്റെ രക്ഷസുകൾക്ക്
ആകാത്തവിതം മരിച്ചവൻ്റെ ഉറക്കം!
അത് മനസ്സിലാക്കിക്കൊണ്ട്തന്നെ വേണം
ജീവിച്ചിരിക്കുന്നവരുടെ
ശ്മശാന മൂകതയിലൂടെയുള്ള ഉലാത്തൽ !